കുവൈത്ത് സിറ്റി: അടിമുടി പൊള്ളിച്ച ചൂടുകാലം വിട്ട്, രാജ്യം തണുപ്പിനെ പുണരാൻ ഒരുങ്ങുന്നു. കുവൈത്തിൽ ശൈത്യകാലം ഒക്ടോബർ 15ന് ആരംഭിക്കുമെന്ന് അൽ ഒജൈരി സയന്റിഫിക് സെന്റർ വ്യക്തമാക്കി. ശൈത്യകാലം നാലു ഘട്ടങ്ങളായി വിഭജിക്കപ്പെടുന്നു.
ഓരോ ഘട്ടവും 13 ദിവസം നീണ്ടുനിൽക്കും. ഈ കാലയളവിൽ സൂര്യൻ തെക്കോട്ട് ചായുന്നത് തുടരും. അതിന്റെ ഫലമായി പകൽസമയത്ത് താപനില കുറയുകയും മിതമായ കാലാവസ്ഥ ആരംഭിക്കുകയും ചെയ്യും. മഞ്ഞുകാലത്തിന്റെ ആദ്യ സൂചനയായാണ് ഈ സീസണിനെ കണക്കാക്കുന്നത്.
അതിനിടെ, തീരപ്രദേശങ്ങളിൽ ആപേക്ഷിക ആർദ്രതയും രാത്രിയിൽ മിതമായ താപനിലയും നിലനിൽക്കുന്നതിനാൽ അടുത്ത ആഴ്ച കാലാവസ്ഥ സുഖകരമായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കുകിഴക്കൻ കാറ്റിനൊപ്പം ന്യൂനമർദം കുറയുന്നത് തുടരുമെന്ന് ഡിപ്പാർട്മെന്റ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. നിലവിൽ പകൽ കൂടിയ ചൂട് ശരാശരി 40 ഡിഗ്രിയിൽ എത്തുമെങ്കിലും രാത്രിയിൽ അത് 28-22 ഡിഗ്രി പരിധിയിലേക്ക് താഴും. തണുപ്പു സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി മഴ എത്തുമെന്നതിനാൽ അതിനെ നേരിടുന്നതിനുള്ള തയാറെടുപ്പുകൾ സിവിൽ ഡിഫൻസ് കമ്മിറ്റി വിലയിരുത്തി. മഴക്കാലം മുന്നിൽ കണ്ട് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ഹൈവേകളിലെ മാൻഹോൾ കവറുകൾ മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് പബ്ലിക് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുകയാണ്. മഴക്കാലത്ത് രക്ഷാപ്രവർത്തനങ്ങള്‍ നല്‍കുന്നതിനും അടിയന്തര സഹായങ്ങള്‍ എത്തിക്കുന്നതിനുമായി ഓപറേഷന് റൂം സജ്ജമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.