ഗസ്സക്ക് കുവൈത്തിന്റെ കൂടുതൽ സഹായം: 10 ടൺ ഭക്ഷ്യവസ്തുക്കളുമായി ഏഴാമത് വിമാനം അയച്ചു

കുവൈത്ത് സിറ്റി: കടുത്ത ഭക്ഷ്യക്ഷാമവും ദുരിതവും തുടരുന്ന ഗസ്സക്ക് കുവൈത്തിന്റെ സഹായം തുടരുന്നു. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കുവൈത്ത് ഗസ്സയിലേക്ക് 10 ടൺ ഭക്ഷ്യവസ്തുക്കൾ കൂടി അയച്ചു. ജോർഡനിലെ മാർക്ക മിലിട്ടറി വിമാനത്താവളത്തിലെത്തിക്കുന്ന സഹായവസ്തുക്കൾ റോഡുമാർഗം ഗസ്സയിലെത്തിക്കും.

പട്ടിണിയും ഭക്ഷ്യക്ഷാമവും രൂക്ഷമായ ഗസ്സയിലേക്ക് ഒരുമാസത്തിനിടെ കുവൈത്ത് അയക്കുന്ന ഏഴാമത്തെ ദുരിതാശ്വാസ വിമാനമാണിത്. നേരത്തെ ഈജിപ്തിലേക്ക് മൂന്നും ജോർഡനിലേക്ക് മൂന്നും വിമാനങ്ങളിലായി 90 ടൺ ഭക്ഷ്യവസ്തുക്കൾ കുവൈത്ത് അയച്ചിരുന്നു. ‘ഫാസ ഫോർ ഗസ്സ’ കാമ്പയിന് കീഴിൽ ഇതുവരെ 100 ടൺ അവശ്യ ഭക്ഷ്യവസ്തുക്കൾ കുവൈത്ത് അയച്ചു.

 

സാമൂഹികകാര്യ, വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുമായി സഹകരിച്ച് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയാണ് (കെ.ആർ.സി.എസ്) സഹായ കൈമാറ്റം ഏകോപിക്കുന്നത്. ‘കുവൈത്ത് നിങ്ങളുടെ പക്ഷത്താണ്’ എന്ന മാനുഷിക കാമ്പയിനിന്റെ ഭാഗമാണ് സഹായം.

കുവൈത്ത് നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ പാലിച്ചും സഹായത്തിനായുള്ള അടിയന്തിര ആവശ്യങ്ങൾ കണക്കിലെടുത്തും ഗസ്സയിലേക്ക് തുടർച്ചയായ സഹായങ്ങൾ അയച്ചുകൊണ്ടിരിക്കുകയാണെന്ന് കെ.ആർ.സി.എസ് ചെയർമാൻ ഖാലിദ് അൽ മഖാമിസ് പറഞ്ഞു.

സഹായ വിതരണം വേഗത്തിലും ഫലപ്രദമായും നടക്കുന്നത് ഉറപ്പാക്കുന്നതിന് ജോർഡനിലെ കുവൈത്ത് എംബസി, ജോർഡനിയൻ ഹാഷെമൈറ്റ് ചാരിറ്റി ഓർഗനൈസേഷൻ (ജെ.എച്ച്.സി.ഒ), ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി (പി.ആർ.സി.എസ്) എന്നിവയുമായി കെ.ആർ.സി.എസ് ഏകോപനം നടത്തുന്നുണ്ട്.

Tags:    
News Summary - Kuwait sends more aid to Gaza: Seventh plane carrying 10 tons of food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.