ഫർവാനിയ: ഫർവാനിയയിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വഴിയാത്രക്കാരെ കൊള്ളയടിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു. ഫർവാനിയ -ദജീജ് മേൽപാലത്തിന് സമീപത്താണ് വിദേശികൾ കവർച്ച ചെയ്യപ്പെട്ടത്. രണ്ടാഴ്ചക്കുള്ളിൽ മൂന്ന് മലയാളികളിൽനിന്ന് 585 ദീനാർ തട്ടിയെടുത്തു. അർബീദ് ബിൽഡിങ്ങിൽ താമസിക്കുന്ന തൃശൂർ, കൊല്ലം സ്വദേശികളുടെ പണമാണ് നഷ്ടപ്പെട്ടത്. കൊല്ലം സ്വദേശി ജിനുവിനെ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എട്ടിന് രണ്ടംഗസംഘം തടഞ്ഞുനിർത്തി കത്തി കാണിച്ച് 85 ദീനാർ തട്ടിയെടുത്തു. പിടിവലിക്കിടയിൽ കത്തി കൊണ്ട് ജിനുവിെൻറ കൈയിൽ ചെറിയ മുറിവേറ്റു.
കഴിഞ്ഞയാഴ്ച നടന്ന സംഭവങ്ങളിൽ രണ്ടു പേരിൽനിന്നാണ് 500 ദീനാർ നഷ്ടപ്പെട്ടത്. ചെറുപ്പക്കാരായ അറബി സംസാരിക്കുന്ന സംഘമാണ് കവർച്ചക്ക് പിന്നിൽ. തനിച്ചുപോവുന്നവരെ പിറകിലൂടെ ചെന്ന് വട്ടംപിടിച്ച ശേഷം കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പഴ്സിൽനിന്ന് പണം എടുത്ത് കടന്നുകളയുകയാണ് ചെയ്യുന്നത്. മൂന്നു സംഭവങ്ങളും നടന്നത് രാവിലെ എട്ടിനും പത്തിനുമിടയിലാണ്. ഒരേ സംഘമാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മലയാളികൾ ഉൾപ്പെടെ നിരവധി വഴിയാത്രക്കാർ സഞ്ചരിക്കുന്നതാണ് ഇൗ മേൽപാലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.