കുവൈത്ത് സിറ്റി: ചില രാജ്യങ്ങളിൽനിന്നുള്ളവർക്ക് തൊഴിൽ വിസ നൽകുന്നത് കുവൈത്ത് നിർത്തിവെച്ചതായി റിപ്പോർട്ട്. അഭ്യന്തര മന്ത്രാലയം ഇതിന് വാക്കാൽ നിർദേശം നൽകിയതായും 'അൽ അൻബ' പത്രം റിപ്പോർട്ടു ചെയ്തു. എന്നാൽ, ഏതു രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് തടസ്സം, അതിന്റെ കാരണം, എത്രകാലം തുടരും എന്നുള്ള വിശദീകരണങ്ങൾ റിപ്പോർട്ടിൽ ഇല്ല. വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണവും പുറത്തുവന്നിട്ടില്ല. നേരത്തെ വിസിറ്റ് വിസയിൽ കുവൈത്ത് കർശന നിയന്ത്രണം കൊണ്ടുവരുകയും ഫാമിലി വിസ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തുകയും ചെയ്തിരുന്നു. പുതിയ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ജൂണിലാണ് വിസിറ്റ് വിസയിൽ നിയന്ത്രണം കൊണ്ടുവന്നത്.
ആഗസ്റ്റിൽ ഫാമിലി വിസിറ്റ് വിസയും നിർത്തലാക്കി. സന്ദർശകരുടെ വിസ കാലഹരണപ്പെടുമ്പോൾ തിരിച്ചുപോകുമെന്ന് ഉറപ്പാക്കുന്നതിനുള്ള നിയമങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് അധികൃതർ എന്നാണ് സൂചന. ഈ നിയമങ്ങൾ ഏർപ്പെടുത്തിയതിന് ശേഷമേ കുടുംബ സന്ദർശന വിസകൾ പുനരാരംഭിക്കൂ എന്നാണ് റിപ്പോർട്ട്. വിസിറ്റ് വിസയിൽ കുവൈത്തിലെത്തിയ നിരവധി പേർ സന്ദർശന കാലയളവ് അവസാനിച്ചതിന് ശേഷം തിരിച്ചുപോകാതെ രാജ്യത്ത് കഴിയുന്നുണ്ട് എന്നാണ് കണക്ക്. ഏകദേശം 20,000 പ്രവാസികൾ ഇത്തരത്തിൽ കുവൈത്തിൽ ഉണ്ടെന്നാണ് അധികൃതർ പറയുന്നത്. ഇത്തരക്കാരെ പിടികൂടി മടക്കിയയക്കുന്നതിനായുള്ള നടപടികൾ രാജ്യത്ത് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.