കുവൈത്ത് സിറ്റി: കുവൈത്ത് രാഷ്ട്രീയത്തിൽ നിർണായകമായ മൂന്നു കുറ്റവിചാരണാപ്രമേയങ്ങൾ ചൊവ്വ, ബുധൻ ദിവസങ്ങളിൽ പാർലമെൻറ് ചർച്ചചെയ്യും. പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹ്, പാർപ്പിടകാര്യ മന്ത്രി യാസിർ അബുൽ എന്നിവർക്കെതിരെ പ്രതിപക്ഷ എംപിമാർ സമർപ്പിച്ച കുറ്റവിചാരണ പ്രമേയങ്ങളാണ് മേയ് ഒമ്പത്, പത്ത് തീയതികളിൽ പാർലമെൻറ് ചർച്ച ചെയ്യാനൊരുങ്ങുന്നത്.
സ്വദേശികളുടെ പൗരത്വം പിൻവലിക്കുന്നതുൾപ്പെടെ അഞ്ചു കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷ എം.പിമാരുടെ കുറ്റവിചാരണ നീക്കം. പൗരത്വനിയമത്തിൽ ഭേദഗതി വേണമെന്ന പ്രതിപക്ഷത്തിെൻറ ആവശ്യം വോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രതിപക്ഷം പ്രധാനമന്ത്രിയെ ലക്ഷ്യംവെച്ച് രംഗത്തെത്തിയത്.
കഴിഞ്ഞ മാസം 25നു പരിഗണിക്കേണ്ടിയിരുന്ന കുറ്റവിചാരണ ഈമാസം 10ലേക്ക് മാറ്റുകയായിരുന്നു. കുറ്റവിചാരണയിൽ ചർച്ച വൈകിപ്പിക്കുന്നതിലൂടെ സർക്കാർ കുറ്റസമ്മതം നടത്തുകയാണെന്ന് പ്രതിപക്ഷ എം.പിമാർ ആരോപിച്ചിരുന്നു. ഭവനനയം നടപ്പാക്കുന്നതിൽ പരാജയപ്പെട്ടെന്ന് ആരോപിച്ച് പാർപ്പിട കാര്യമന്ത്രി യാസർ അബുലിനെതിരെ ശുഐബ് അൽ മുവൈസിരി എം.പി നൽകിയ കുറ്റവിചാരണ നോട്ടീസ് ചൊവ്വാഴ്ചയാണ് ചർച്ചക്കെടുക്കുന്നത്. കുറ്റവിചാരണ നേരിടാൻ താൻ തയാറാണെന്നും ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ മറുപടിയുണ്ടെന്നും മന്ത്രി യാസർ അബുൽ വ്യക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച ചേരുന്ന പാർലമെൻറ് സമ്മേളനത്തിൽ പ്രധാനമന്ത്രിക്കെതിരെയുള്ള കുറ്റവിചാരണ പ്രതിരോധിക്കാനായില്ലെങ്കിൽ മന്ത്രിസഭ പിരിച്ചുവിടേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.