കുവൈത്ത് സിറ്റി: കുവൈത്ത് പെട്രോളിയം വില ബാരലിന് 92 ഡോളറിന് മുകളിലെത്തി. തൊട്ടുമുമ്പത്തെ ദിവസത്തിൽനിന്ന് 2.73 ഡോളർ വർധിച്ച് 92.25 ഡോളറാണ് ആണ് വില രേഖപ്പെടുത്തിയത്. ആഗോള വിപണിയിൽ ബ്രെൻറ് ക്രൂഡ് 2.16 ഡോളർ വർധിച്ച് 93.27 ഡോളറും വെസ്റ്റ് ടെക്സാസ് ഇൻറർമീഡിയറ്റ് 2.04 ഡോളർ വർധിച്ച് 93.31 ഡോളറുമാണ് വില രേഖപ്പെടുത്തിയത്. മാസങ്ങൾക്കിടയിലെ ഉയർന്ന വിലയാണ് ഇവയെല്ലാം. പെട്രോളിയം വില വർധിക്കുന്നത് കുവൈത്ത് ഉൾപ്പെടെ എണ്ണ ഉൽപാദക രാജ്യങ്ങൾക്ക് ആശ്വാസമാണ്. കോവിഡ് പ്രതിസന്ധിക്ക് അയവുവന്ന് വിവിധ രാജ്യങ്ങളിലെ വിപണി സജീവമായിത്തുടങ്ങിയതാണ് വിലവർധനക്ക് കാരണം.
കോവിഡ് സൃഷ്ടിച്ച ആഘാതത്തിൽനിന്ന് സാമ്പത്തികരംഗം കരകയറാൻ വിവിധ രാജ്യങ്ങൾ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുന്നത് എണ്ണവിലയിലും പ്രതിഫലിക്കുന്നു. എണ്ണവില ബാരലിന് 100 ഡോളർ വരെ വർധിച്ചേക്കുമെന്ന് ഗോൾഡ്മാൻ സാചസ്, ജെ.പി മോർഗൻ എന്നിവ പ്രവചിക്കുന്നു. 2014ന് ശേഷം എണ്ണവില ബാരലിന് 100 ഡോളർ കടന്നിട്ടില്ല. മുഖ്യവരുമാനമായ എണ്ണവില കൂപ്പുകുത്തിയതോടെ ബജറ്റ് താളം തെറ്റിയ കുവൈത്ത് കമ്മിനികത്താൻ കടമെടുക്കുകയാണ്. കാഷ് ലിക്വിഡിറ്റിയെയും ബാധിക്കുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് രാജ്യം കരകയറിവരുകയാണ്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞവർഷം ഏപ്രിലിൽ 11.26 ഡോളറിലേക്ക് കൂപ്പുകുത്തിയതിന് ശേഷം ക്രമേണ വർധിച്ചാണ് ഈ നിലയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.