വിലക്കില്ലാത്ത രാജ്യത്ത്​ താമസിച്ച്​ വരാമെന്ന​ തീരുമാനം പിൻവലിക്കണം –എം.പിമാർ

കുവൈത്ത്​ സിറ്റി: പ്രവേശന വിലക്കുള്ള രാജ്യക്കാർ മറ്റൊരു രാജ്യത്ത്​ 14 ദിവസം താമസിച്ചശേഷം എത്തിയാൽ പ്രവേശനം അനുവദിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കുവൈത്ത് പാർലമെൻറ്​ അംഗങ്ങൾ. തീരുമാനം ആയിരക്കണക്കിന് വിദേശികൾ രാജ്യത്തേക്ക് എത്താനും വൈറസ് വ്യാപനമുണ്ടാകാനും കാരണമാകുമെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി. കോവിഡ് റിസ്ക് കൂടുതലുള്ള 31 രാജ്യങ്ങളിൽനിന്നുള്ള പ്രവാസികൾക്ക് കുവൈത്ത് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ രാജ്യക്കാർക്ക് വിലക്കില്ലാത്ത ഏതെങ്കിലും രാജ്യത്ത്​ 14 ദിവസം താമസിച്ചശേഷം കോവിഡ് ഇല്ലെന്ന്​ തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി കുവൈത്തിലേക്ക് പ്രവേശിക്കാമെന്ന്​ വ്യോമയാന വകുപ്പ് അറിയിച്ചിരുന്നു. ഈ തീരുമാനമാണ് ഏതാനും എം.പിമാരെ  ചൊടിപ്പിച്ചത്. 

സർട്ടിഫിക്കറ്റ്​ നൽകുകവഴി ആയിരക്കണക്കിന് വിദേശികൾ രാജ്യത്തേക്ക് എത്തുമെന്നും വൈറസ് വ്യാപനത്തിന്​ കാരണമാകുമെന്നും സാലിഹ് അൽ ആശൂർ എം.പി പറഞ്ഞു. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയമാണെന്ന് തെളിയിക്കുന്നതാണ് മതിയായ പഠനങ്ങളില്ലാതെ എടുക്കുന്ന ഇത്തരം തീരുമാനങ്ങൾ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തീരുമാനം പിൻവലിക്കണമെന്ന് അബ്​ദുല്ല അൽ കന്ദരി എംപി വ്യോമയാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഖലീൽ അൽ അബൽ, അബ്​ദുൽ കരീം അൽ കന്ദരി തുടങ്ങിയ എം.പിമാരും ഇളവ് നൽകുന്നതിനെ വിമർശിച്ചിട്ടുണ്ട്. ഇന്ത്യ, പാകിസ്​താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, ഫിലിപ്പൈൻസ്, ഈജിപ്ത്, ലബനാൻ, സ്പെയിൻ, ബ്രസീൽ തുടങ്ങിയ 31 രാജ്യങ്ങളിൽനിന്ന് നേരിട്ടോ ട്രാൻസിറ്റ് വഴിയോ വരുന്നവർക്കാണ് ഇപ്പോൾ വിലക്കുള്ളത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.