കുവൈത്ത് സിറ്റി: രാജ്യത്ത് സർക്കാർ മേഖലയിൽ വിദേശി നിയമനം തത്ത്വത്തിൽ നിർത്തിവെച്ചിട്ടുണ്ടെങ്കിലും വഴിവിട്ട നിലയിൽ അവരെ നിയമിക്കുന്നത് ഇപ്പോഴും തുടരുന്നുണ്ടെന്ന് എം.പിമാർ ആരോപിച്ചു. വിദേശികളുടെ നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പാർലമെൻറിൽ നടന്ന ചർച്ചയിൽ എം.പിമാരായ ഡോ. വലീദ് അൽ തബ്തബാഇ, ഡോ. അബ്ദുൽ കരീം അൽ കന്ദരി, സഫ അൽ ഹാഷിം, സാലിഹ് അൽ ആശൂർ എന്നിവരാണ് ഈ വിഷയത്തിൽ സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയത്.
യോഗ്യരായ കുവൈത്തികൾ ഉള്ളപ്പോൾ തന്നെ ചില പൊതുമേഖലാ വകുപ്പുകളിൽ നിയമോപദേഷ്ടാക്കളായി വിദേശികളെ നിയമിച്ചതിനെ ഡോ. തബ്തബാഇ വിമർശിച്ചു. ഭീമമായ ശമ്പളം നിശ്ചയിച്ചാണ് വിദേശികൾക്ക് നിയമനം നൽകിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ടുമാസം കഴിഞ്ഞിട്ടും ഇതിന് കാരണക്കാരായവർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറകിനെ കുറ്റവിചാരണ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്വദേശികളുടെ അർഹമായ അവകാശങ്ങൾ ഹനിച്ചുകൊണ്ടാണ് കൂടിയ ശമ്പളത്തിന് വിദേശ നിയമോപദേഷ്ടാക്കളെ നിയമിച്ചതെന്ന് എം.പി. അബ്ദുൽ കരീം അൽ കന്ദരി കുറ്റപ്പെടുത്തി. സ്വദേശികളെ ലഭിക്കാത്ത സർക്കാർ തസ്തികകളിൽ മാത്രമേ വിദേശികൾക്ക് നിയമനം നൽകാവൂ എന്ന നിർദേശവും കന്ദരി മുന്നോട്ടുവെച്ചു. ഇത്തരം തസ്തികകളിൽ അഞ്ചു വർഷേത്തക്കെന്ന ഉടമ്പടിയിൽ മാത്രം നിയമനം നൽകുക, ഉടമ്പടി പിന്നീട് പുതുക്കുകയോ നീട്ടിക്കൊടുക്കുകയോ ചെയ്യാതിരിക്കുക തുടങ്ങിയ നിർദേശങ്ങളും അദ്ദേഹം സമർപ്പിച്ചു. സ്വദേശികൾക്ക് അവകാശപ്പെട്ട പ്രധാന തസ്തികകളിൽനിന്ന് വിദേശികളെ ഒഴിവാക്കുന്നതിനുള്ള ശ്രമം തുടരുമെന്ന് എം.പി സഫ അൽ ഹാഷിം പറഞ്ഞു.
ചില സർക്കാർ വകുപ്പുകളിൽ 2500 ദീനാർ വരെ ശമ്പളം പറ്റുന്ന വിദേശികളുണ്ട്. തെറ്റായ ഈ നിയമനങ്ങൾ നിർത്തുകയും കുവൈത്തികൾക്ക് അവസരം നഷ്ടപ്പെടാത്ത സാഹചര്യം സൃഷ്ടിക്കുകയും വേണം.
അല്ലാത്ത പക്ഷം സർക്കാറിനെതിരെ ശക്തമായ നീക്കം തെൻറ ഭാഗത്തുനിന്നുണ്ടാകുമെന്നും സഫ അൽ ഹാഷിം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.