ചോദ്യപേപ്പർ ചോർച്ച; പഴുതടച്ച നടപടികളുമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

കുവൈത്ത് സിറ്റി: ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ കർശന നടപടികളുമായി വിദ്യാഭ്യാസ മന്ത്രാലയം. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ അന്വേഷണവും നടപടികളും പുരോഗമിക്കുകയാണ്. ഇതിനകം പിടിയിലായവരുടെ ബാങ്ക് അക്കൗണ്ടുകൾ കഴിഞ്ഞദിവസം മരവിപ്പിച്ചു. അറസ്റ്റ് ചെയ്ത അഞ്ചോളം പ്രവാസി അധ്യാപകരെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ഹൈസ്കൂൾ, ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ചോദ്യപേപ്പറാണ് ചോര്‍ത്തിനല്‍കിയത്. പരീക്ഷകള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വിദ്യാര്‍ഥികളില്‍നിന്ന് പണം വാങ്ങി പ്രതികള്‍ വാട്സ് ആപ് വഴി ചോദ്യങ്ങള്‍ പങ്കുവെക്കുകയായിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ത്തിനല്‍കിയതിനുള്ള പ്രതിഫലം പേമെന്റ് ലിങ്ക് വഴിയായിരുന്നു കൈമാറിയിരുന്നത്. അധ്യാപകര്‍ നേതൃത്വം നല്‍കിയ വാട്സ്ആപ് ഗ്രൂപ്പില്‍ വിദ്യാര്‍ഥികളെ ചേർക്കാന്‍ നൂറ് മുതല്‍ 150 ദീനാര്‍ വരെയായിരുന്നു ഈടാക്കിയിരുന്നത്.

സംഭവത്തെ കുറിച്ച് സൂചന ലഭിച്ചതോടെ ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിൽ അധ്യാപകര്‍ ഉൾപ്പെടെയുള്ള വന്‍ സംഘം പിടിയിലായി. നിരവധി വര്‍ഷങ്ങളായി നടന്നുവരുന്ന ചോദ്യപേപ്പർ ചോര്‍ത്തലില്‍നിന്ന് പ്രതികൾ മൂന്ന് മില്യൺ ദീനാറിലേറെ സമ്പാദിച്ചതായി അന്വേഷണസംഘം വെളിപ്പെടുത്തി.

കേസില്‍ പ്രധാന പ്രതികളായ മൂന്നു സ്വദേശികളേയും ഒരു പ്രവാസിയേയും പിടികൂടാനുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിൽ ജോലിചെയ്യുന്ന നാലു വനിതകൾ അടക്കം 14 പുതിയ പ്രതികളെ ജയിലിൽ അടയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ദിവസങ്ങൾക്ക് മുമ്പ് ഉത്തരവിട്ടിരുന്നു. കേസിൽ കൂടുതൽ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പരീക്ഷാപേപ്പർ ചോർച്ചയെക്കുറിച്ച് നിരവധി വിദ്യാർഥികളും മൊഴിനല്‍കിയിട്ടുണ്ട്.

ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ നടത്തിയ മിഡ്‌ടേം പരീക്ഷകള്‍ വീണ്ടും നടത്താന്‍ അധികൃതര്‍ ആലോചിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരീക്ഷയിൽ കോപ്പിയടിക്കുന്നതിനും മറ്റും വിദ്യാർഥികളെ സഹായിച്ചാൽ അധ്യാപകർക്ക് കനത്ത നടപടി നേരിടേണ്ടിവരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Tags:    
News Summary - Kuwait ministry of education of question paper leak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.