കുവൈത്ത് സിറ്റി: മാസങ്ങൾക്കുശേഷം കുവൈത്തിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്യാത്ത ദിനം. കോവിഡ് സ്ഥിരീകരിച്ച ശേഷം രോഗമുക്തി നേടിയവരുടെ എണ്ണം അരലക്ഷം പിന്നിട്ടതും കുവൈത്തിനെ സംബന്ധിച്ചിടത്തോളം ‘തിങ്കളാഴ്ച നല്ല ദിവസം’ എന്ന സ്ഥിതി സൃഷ്ടിച്ചു. പൊതുവിൽ കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് പുതിയ രോഗികളുടെ എണ്ണവും മരണനിരക്കും കുറഞ്ഞുവരുന്നുണ്ട്. പല ദിവസങ്ങളിലും പുതിയ രോഗികളേക്കാൾ അധികമാണ് രോഗമുക്തി. തിങ്കളാഴ്ച 559 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച ഇത് 300 ആയിരുന്നു. രാജ്യത്തെ കോവിഡ് മരണം 408 ആയി തുടരുകയാണ്. 9016 പേരാണ് ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളത്. ഇതിൽ 138 പേരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. ഇതിൽ ഭൂരിഭാഗത്തിനും അതീവ ഗുരുതരാവസ്ഥയില്ല.
കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ നീക്കിയും വിപണി തുറന്നുകൊടുത്തും കുവൈത്ത് സാധാരണ ജീവിതത്തിലേക്ക് ക്രമേണ ചുവടുവെക്കുകയാണ്. പുതിയ കേസുകളുടെ എണ്ണം കുറയുന്നതിന് ഒരു കാരണമായി പറയുന്നത് നേരത്തെയുള്ള പോലെ വ്യാപകമായി പരിശോധന നടത്തുന്നില്ല എന്നതാണ്. ചിലയിടത്ത് നടത്തുന്ന റാൻഡം പരിശോധനയും രോഗലക്ഷണങ്ങളുമായി ആശുപത്രികളിൽ എത്തുന്നവരെ പരിശോധിക്കലുമാണ് ഇപ്പോൾ നടക്കുന്നത്. അടിയന്തര ചികിത്സ ആവശ്യമുള്ളവരെ മാത്രം ചികിത്സിക്കുകയും ബാക്കിയുള്ളവരെ വീട്ടുനിരീക്ഷണത്തിൽ വിടുകയും ചെയ്യുക എന്ന തന്ത്രമാണ് ഇപ്പോൾ പയറ്റുന്നത്. ചികിത്സാ സൗകര്യങ്ങളുടെ ലഭ്യതക്കനുസരിച്ചാണ് ഇൗ നിലയിലേക്ക് മാറിയത്. ജനങ്ങളിലും കോവിഡ് ഭീതി ഇപ്പോൾ മുമ്പത്തെ പോലെ ഇല്ല. ഇപ്പോൾ കുവൈത്തികളിലാണ് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. തിങ്കളാഴ്ച 559 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 337ഉം സ്വദേശികൾക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.