കുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുമാപ്പ് രജിസ്ട്രേഷന് നിശ്ചയിച്ച കാലപരിധി വ്യാഴാഴ്ച അവസാനിക്കും. രജിസ് ട്രേഷൻ കേന്ദ്രങ്ങളിൽ അവസാന ദിവസങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നതിനാലും അനധികൃത താമസക്കാരുടെ നാലിലൊന്നു പോലും ഇതുവരെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ലാത്തതിനാലും തീയതി നീട്ടാൻ സാധ്യതയുണ്ടെന്ന് സൂചനയുണ്ട്. വിവിധ രാജ്യങ്ങളുടെ എംബസികൾ തീയതി നീട്ടണമെന്ന് കുവൈത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഒരുലക്ഷത്തിലേറെ അനധികൃത താമസക്കാരാണ് കുവൈത്തിലുള്ളത്. ഇതിൽ 22000ത്തോളം പേർ മാത്രമേ ഇതുവരെ പൊതുമാപ്പിന് രജിസ്റ്റർ ചെയ്തിട്ടുള്ളൂ.
അവസാന രണ്ടുദിവസം കൊണ്ട് ആറായിരത്തോളം പേർക്ക് കൂടിയേ പരമാവധി സാധ്യമാവൂ. രാവിലെ എട്ടുമണി മുതൽ ഉച്ചക്ക് രണ്ടുവരെയാണ് പ്രവർത്തന സമയം എന്നാണ് അറിയിപ്പെങ്കിലും കർഫ്യൂ കാരണം ഉച്ചക്ക് ഒരുമണിക്കു മുമ്പ് നടപടികൾ അവസാനിപ്പിക്കുന്നുണ്ട്. നാലുകേന്ദ്രങ്ങൾ മാത്രമാണ് രജിസ്ട്രേഷനുള്ളത്. പുരുഷന്മാർക്ക് ഫർവാനിയ ബ്ലോക്ക് 1 സ്ട്രീറ്റ് 76ലെ ഗേൾസ് സ്‌കൂൾ, ജലീബ് അൽ ശുയൂഖ് ബ്ലോക്ക് നാല് സ്ട്രീറ്റ് 250ലെ നഇൗം ബിൻ മസൂദ് ബോയ്സ് സ്‌കൂൾ എന്നിവിടങ്ങളിലും സ്ത്രീകൾക്ക് ഫർവാനിയ ബ്ലോക്ക് 1, സ്ട്രീറ്റ് 122ലെ അൽമുതന്ന ബോയ്സ് സ്‌കൂൾ, ജലീബ് അൽ ശുയൂഖ് ബ്ലോക്ക് നാല് സ്ട്രീറ്റ് 200ലെ റുഫൈദ അൽ അസ്ലമിയ ഗേൾസ് സ്‌കൂൾ എന്നീ നാല് സെൻററുകളിലാണ് രജിസ്ട്രേഷൻ.
പാസ്പോർട്ട് കൈവശമുള്ള 5000ത്തോളം ഇന്ത്യക്കാർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. പാസ്പോർട്ട് ഇല്ലാത്ത 7000ത്തിന് മുകളിൽ ഇന്ത്യക്കാർ രജിസ്ട്രേഷൻ പൂർത്തിയാക്കാനുണ്ട്. ഇവർക്ക് ഇന്ത്യൻ എംബസിയുടെ ഒൗട്ട്പാസ് വിതരണം പുരോഗമിക്കുന്നു. ഇപ്പോൾ എല്ലാ രാജ്യക്കാർക്കും ഒരുമിച്ചാണ് രജിസ്ട്രേഷൻ. നേരേത്ത ഫിലിപ്പീൻസ്, ഇന്ത്യ, ഇൗജിപ്ത്, ബംഗ്ലാദേശ് എന്നീ രാജ്യക്കാർക്ക് ഏപ്രിൽ ഒന്നുമുതൽ അഞ്ചുദിവസം വീതം അനുവദിച്ചിരുന്നു. ഇൗ രാജ്യങ്ങളിലെ അന്ന് രജിസ്റ്റർ ചെയ്യാത്തവർക്കും ഇൗ ഘട്ടത്തിൽ അവസരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.