കുവൈത്ത് സിറ്റി: കുവൈത്ത് അടക്കം പെട്രോളിയം ഉൽപാദക രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥക്ക് കരുത്ത് പകർന്ന് എണ്ണവില അഞ്ചുമാസത്തെ ഉയർന്ന നിലയിൽ. ചൊവ്വാഴ്ച ബ്രെൻറ് ക്രൂഡോയിൽ ബാരലിന് 71.34 ഡോളറും കുവൈത്ത് പെട്രോളിയം ബാരലിന് 70.68 ഡോളറുമാണ് വില രേഖപ്പെടുത്തിയത്. കഴിഞ്ഞ നവംബറിനു ശേഷമുള്ള ഉയർന്ന നിരക്കാണിത്. ഒക്ടോബർ ആദ്യവാരം 83.1 ഡോളർ വരെ എത്തിയിരുന്നു. നാലു വർഷത്തിനിടെ ഏറ്റവും കൂടിയ വിലയായിരുന്നു അത്.
പിന്നീട് ക്രമേണ കുറഞ്ഞു. പെട്രോളിയം ഉൽപാദക രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തുള്ള ഇറാനെതിരെ അമേരിക്കയുടെ ഉപരോധ നടപടികളും വെനിസ്വേലയിലെ ആഭ്യന്തര സംഘർഷങ്ങളുമാണ് ഇപ്പോഴത്തെ നിരക്ക് വർധനക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഒപെക് നോൺ ഒപെക് കൂട്ടായ്മ ഡിസംബറിൽ സംയുക്ത യോഗം ചേർന്ന് ഉൽപാദനം 12 ലക്ഷം ബാരൽ വെട്ടിക്കുറക്കാൻ തീരുമാനിച്ചതും വിപണിയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ഒപെക് എട്ടുലക്ഷവും നോൺ ഒപെക് നാല് ലക്ഷവും ബാരൽ കുറക്കാനാണ് തീരുമാനിച്ചത്. ആറുമാസത്തേക്കാണ് ഉൽപാദന നിയന്ത്രണം. ഏപ്രിലിൽ മന്ത്രിതല യോഗം ചേർന്ന് അപ്പോഴത്തെ സ്ഥിതി വിലയിരുത്തി നിയന്ത്രണം നീട്ടണോ എന്ന് തീരുമാനിക്കുമെന്നാണ് നിശ്ചയിച്ചത്. നിയന്ത്രണം നീട്ടാൻ തന്നെയാണ് സാധ്യതയെന്നാണ് എണ്ണമേഖലയിലെ വിദഗ്ധരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.