കുവൈത്ത് സിറ്റി: കഴിഞ്ഞ മൂന്നു വർഷത്തിനിടെ ആരോഗ്യമന്ത്രാലയത്തിനുകീഴിലെ ആശുപത് രികളിലും ക്ലിനിക്കുകളിലുമായി 3938 പേർക്ക് നിയമനം നൽകിയതായി റിപ്പോർട്ട്. അസ്കർ അൽ ഇൻസി എം.പിയുടെ ചോദ്യത്തിന് മറുപടിനൽകവെ ആരോഗ്യമന്ത്രി ഡോ. ശൈഖ് ബാസിൽ അൽ സബാഹ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 2016 ജനുവരി മുതൽ 2018 ഡിസംബർ വരെയുള്ള കണക്കാണിത്. സ്വദേശികളെ അപേക്ഷിച്ച് വിദേശികളാണ് ഇക്കാലത്ത് നിയമിക്കപ്പെട്ടതിൽ അധികവും. ബിദൂനികളടക്കം 2882 വിദേശികളെ നിയമിച്ചപ്പോൾ 1056 കുവൈത്തികൾ മാത്രമാണ് ഈ കാലത്തിനിടയിൽ നിയമനം നേടിയത്.
624 കുവൈത്തികളും 732 കുവൈത്തികളല്ലാത്തവരുമായി ജനറൽ ഡോക്ടർമാരുടെ എണ്ണം ഇതിൽ 1356 വരും. 363 ദന്തഡോക്ടർമാരും ഇക്കാലത്ത് സർക്കാർ ആശുപത്രികളിൽ നിയമിക്കപ്പെട്ടു. 316 പേരുമായി ഡെൻറൽ ഡോക്ടർമാരിൽ കൂടുതലും കുവൈത്തികളാണ്. കുവൈത്തികളല്ലാത്ത ദന്തഡോക്ടർമാരുടെ എണ്ണം 47 മാത്രമാണ്. അതേസമയം, മൂന്നു വർഷത്തിനിടെ 2219 നഴ്സുമാരാണ് ആരോഗ്യമേഖലയിൽ ജോലി നേടിയത്. നഴ്സുമാരിൽ ഇന്ത്യക്കാരുൾപ്പെടെ വിദേശികളാണ് കൂടുതൽ. 2103 വിദേശികളും 116 കുവൈത്തികളുമാണ് നഴ്സിങ് മേഖലയിൽ സർക്കാർ ജോലി കരസ്ഥമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.