കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർചെയ്ത സംഘടനകളോടുള്ള എംബസിയുടെ വിവേചന നടപടികൾ അവസാനിപ്പിക്കണമെന്ന് ഇതിനെതിരെ പ്രതിഷേധിക്കാൻ രൂപവത്കരിച്ച ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻ (ഫിറ കുവൈത്ത്) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അടിസ്ഥാനരഹിതമായ കാരണങ്ങൾ നിരത്തിയും മുന്നറിയിപ്പില്ലാതെയും സംഘടനകളുടെ രജിസ്ട്രേഷൻ റദ്ദാക്കിയതും എംബസി പരിപാടികളിൽനിന്ന് കാരണമില്ലാതെ ഇന്ത്യൻ പ്രവാസിസമൂഹത്തെ ഒഴിവാക്കിയതും ചൂണ്ടിക്കാട്ടി വിദേശകാര്യ വകുപ്പിന് പരാതി നൽകിയിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കായി ഫിറ പ്രതിനിധികളുമായി ചർച്ചനടത്താൻ വിദേശകാര്യ മന്ത്രാലയം തയാറാണെന്ന് അറിയിച്ചിട്ടുണ്ട്.
ഇന്ത്യൻ പ്രവാസി സമൂഹത്തെ അവഗണിച്ച് ഏകാധിപത്യ സ്വഭാവത്തിൽ മുന്നോട്ടുപോകുന്ന അംബാസഡറുടെയും എംബസി അധികൃതരുടെയും നിലപാട് തിരുത്താൻ തയാറല്ലെങ്കിൽ ഇത്തരം ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാൻ വിദേശകാര്യ വകുപ്പും കേന്ദ്ര സർക്കാറും സന്നദ്ധമാവണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ കക്ഷികളുടെയും പ്രവാസി സംഘടനകളുടെയും പിന്തുണയോടെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകും. പരാതിയുള്ളവർക്ക് കാണാൻ അവസരം നിഷേധിക്കൽ, എൻജിനീയർമാരുടെ ഇഖാമയുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിലെ ഏകപക്ഷീയ പെരുമാറ്റവും വസ്തുകൾ ചൂണ്ടിക്കാട്ടിയവരെ യോഗത്തിൽ പുറത്താക്കലും, നാളുകളായി സാമൂഹിക നേതാക്കളുടെ യോഗം വിളിക്കാത്തത് തുടങ്ങിയ വിഷയങ്ങളും ഫിറ ഭാരവാഹികൾ ഉന്നയിച്ചു. വാർത്തസമ്മേളനത്തിൽ ഫിറ കൺവീനർമാരും ലോക കേരള സഭാംഗങ്ങളുമായ ബാബു ഫ്രാൻസിസ്, ശ്രീംലാൽ മുരളി, എക്സിക്യൂട്ടിവ് അംഗങ്ങളായ ഷൈജിത്ത്, ബിനു, സുനിൽകുമാർ, സലീം രാജ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.