കുവൈത്ത് സിറ്റി: പൊതുമേഖലയിൽ സ്വദേശിവത്കരണം പൂർത്തിയാക്കുന്നതിെൻറ ഭാഗമായി വിവിധ സർക്കാർ വകുപ്പുകളിൽ ഇനിയും അവശേഷിക്കുന്ന കുവൈത്തികളല്ലാത്തവരുടെ കൃത്യമായ കണക്കെടുപ്പ് നടത്താൻ വീണ്ടും നിർദേശം. കുവൈത്ത് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ സിവിൽ സർവിസ് കമീഷൻ മേധാവി അഹ്മദ് അൽ ജസ്സാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2017- 2018 സാമ്പത്തിക വർഷത്തിൽ മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും നിശ്ചിത എണ്ണം വിദേശ ജീവനക്കാരെ മാറ്റി പകരം കുവൈത്തികളെ നിയമിക്കണമെന്ന് ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് നടപ്പാക്കാൻ എല്ലാ വകുപ്പുകളും ബാധ്യസ്ഥരാണ്.
ഇതിെൻറ ഭാഗമായാണ് നിലവിൽ ഓരോ വകുപ്പുകളിലും ഒഴിവാക്കാൻ പറ്റുന്ന വിദേശികളുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്തി അറിയിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിന് മറുപടി നൽകാൻ ഓരോ വകുപ്പുകൾക്കും രണ്ടാഴ്ച സമയം അനുവദിച്ചതായും അഹ്മദ് അൽ ജസ്സാർ പറഞ്ഞു. റിപ്പോർട്ട് കിട്ടിയ ശേഷം അത്രയും പേരുടെ ശമ്പളം ജൂലൈ ഒന്ന് മുതൽ മരവിപ്പിക്കാൻ ധനകാര്യമന്ത്രാലയത്തിന് നിർദേശം നൽകും. 2019 - 2020 ധനകാര്യ വർഷത്തെ ബജറ്റിൽ ഇവരുടെ ശമ്പളം സംബന്ധിച്ച വിവരം ഉണ്ടാവാൻ പാടില്ലെന്നാണ് തീരുമാനം. ഒഴിവാക്കപ്പെടുന്ന വിദേശികൾക്ക് പകരം ആവശ്യവും യോഗ്യതകളും നോക്കി സ്വദേശികളെ നിയമിക്കുകയാണ് ചെയ്യുക. നേരത്തെ കമീഷനിൽ ജോലിക്കുവേണ്ടി അപേക്ഷ നൽകിയവരിൽനിന്നാണ് പുതിയ നിയമനങ്ങൾ നടത്തുകയെന്നും അഹ്മദ് അൽ ജസ്സാർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.