കുവൈത്ത് സിറ്റി: ഷർഖിലെ പുരാതന പാർപ്പിട സമുച്ചയമായ സവാബിർ കോംപ്ലക്സിലേക്കുള്ള ജലവും വൈദ്യുതിയും വിച്ഛേദിക്കുന്ന നടപടികൾ തുടങ്ങിയതായി റിപ്പോർട്ട്. ആഭ്യന്തര-ധനകാര്യമന്ത്രാലയങ്ങളുമായി സഹകരിച്ചാണ് ജല-വൈദ്യുതി മന്ത്രാലയം പദ്ധതി നടപ്പാക്കുന്നത്. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം അറിയിച്ചത്. പ്രദേശത്ത് പുതിയ വികസന പദ്ധതികൾ യാഥാർഥ്യമാക്കുന്നതിെൻറ ഭാഗമായി സവാബിറിൽനിന്ന് ഒഴിഞ്ഞുപോകാൻ താമസക്കാർക്ക് നേരത്തെ നിർദേശം നൽകിയതാണ്. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും താമസക്കാരെ പൂർണമായി ഒഴിപ്പിക്കാൻ സാധിക്കാത്തതിനാൽ നിർദിഷ്ട പദ്ധതികൾ നടപ്പാക്കുന്നതിൽ താമസം നേരിടുകയാണ്. ഈ പശ്ചാത്തലത്തിലാണ് അന്തിമ നടപടിയെന്ന നിലയിൽ ജലവും വൈദ്യുതിയും എത്തുന്നത് മുടക്കണമെന്നാവശ്യപ്പെട്ട് ധനകാര്യമന്ത്രാലയം വൈദ്യുതി മന്ത്രാലയത്തിന് കത്തുനൽകുന്നത്.
ഇതിെൻറ അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കൽ നടപടിയെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. അതിനിടെ, സ്വകാര്യ പാർപ്പിട മേഖലകളിൽനിന്ന് വിദേശി ബാച്ചിലർമാരെ ഒഴിപ്പിക്കുന്നതിെൻറ ഭാഗമായി അത്തരം കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം വേർപ്പെടുത്തുന്നത് തുടരുകയാണ്. ഫർവാനിയ ഗവർണറേറ്റിലെ ഉമരിയ, റാബിയ, ഖൈത്താൻ, ഫിർദൗസ്, അബ്ദുല്ല അൽ മുബാറക് എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ പരിശോധന. ഇതുവരെ 13 വീടുകളിലേക്കുള്ള വൈദ്യുതിബന്ധം വേർപ്പെടുത്തിയതായി സംയുക്ത സംഘം മേധാവി അദ്നാൻ ദശ്ത്തി പറഞ്ഞു. വൈദ്യുതി മന്ത്രാലയത്തിന് പുറമെ കുവൈത്ത് മുനിസിപ്പാലിറ്റിയിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും അംഗങ്ങളാണ് സംയുക്ത സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.