ഫുട്ബാൾ മേള ചർച്ച ചെയ്യുന്നതിനായി വിദേശകാര്യ മന്ത്രാലയം വിളിച്ച യോഗത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: സ്പോർട്സിലൂടെ ജനങ്ങൾക്കും രാഷ്ട്രങ്ങൾക്കിടയിലും ഐക്യം വർധിപ്പിക്കുന്നതിനായി കുവൈത്ത് ഫുട്ബാൾ മേളയൊരുക്കുന്നു. മേളയുടെ ഭാഗമായി ലഭിക്കുന്ന വരുമാനം ഫലസ്തീനിലെ കുട്ടികൾക്കായി സംഭാവന ചെയ്യും. ഫെബ്രുവരിയിൽ ‘ഫുട്ബാൾ ഫോർ പീസ് ഇൻ കുവൈത്ത്-ലാൻഡ് ഓഫ് ഫ്രണ്ട്ഷിപ് ആൻഡ് പീസ്’എന്ന തലക്കെട്ടിൽ അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കാനാണ് നീക്കം. ഇതിനായുള്ള ഒരുക്കം നടക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പങ്കെടുക്കുന്ന രാജ്യങ്ങളുടെ അംബാസഡർമാരുമായി വിദേശകാര്യ മന്ത്രാലയം നടത്തിയ തയാറെടുപ്പ് യോഗത്തെ തുടർന്നാണ് പ്രഖ്യാപനം. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്), ഐക്യരാഷ്ട്രസഭ എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് ട്രസ്റ്റി ബോർഡ് ചെയർപേഴ്സണും അൽനോവൈർ ഇനിഷ്യേറ്റിവ് ചെയർപേഴ്സണുമായ ശൈഖ ഇൻതിസാർ സാലിം അൽ അലി അസ്സബാഹ് പറഞ്ഞു. പങ്കെടുക്കുന്ന രാജ്യങ്ങളിൽ ഇറ്റലി, ഫലസ്തീൻ, ബ്രിട്ടൻ, ഫ്രാൻസ്, സ്പെയിൻ, ഈജിപ്ത്, ഇന്ത്യ, അർമീനിയ എന്നിവ ഉൾപ്പെടുന്നു. കുവൈത്തിലെ വിവിധ ഫുട്ബാൾ അക്കാദമികളും സൗഹൃദ മത്സരങ്ങളുടെ ഭാഗമാകും.
പങ്കെടുക്കുന്ന പ്രശസ്ത കളിക്കാരുടെ ജഴ്സികളും മറ്റും ലേലം ചെയ്യുന്നതുൾപ്പെടെയുള്ള മത്സരങ്ങളിൽ നിന്നും അനുബന്ധ പ്രവർത്തനങ്ങളിൽ നിന്നുമുള്ള എല്ലാ വരുമാനവും ഫലസ്തീനിലെ കുട്ടികൾക്കായി സംഭാവന ചെയ്യും.
നയതന്ത്രവും ഐക്യവും വർധിപ്പിക്കുന്നതിനുള്ള കുവൈത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭമെന്ന് അന്താരാഷ്ട്ര സംഘടനകൾക്കായുള്ള അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അബ്ദുൽ അസീസ് അൽ ജറല്ല പറഞ്ഞു. സ്പോർട്സിലൂടെ സമാധാനം പ്രചരിപ്പിക്കുകയും, ആളുകളെയും രാജ്യങ്ങളെയും കൂടുതൽ ബന്ധിപ്പിക്കുകയും ലക്ഷ്യങ്ങളാണ്.
സമാധാനപരമായ മാർഗങ്ങളിലൂടെ സംഘർഷങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള മാനുഷിക സംരംഭങ്ങൾക്ക് കുവൈത്തിന്റെ എല്ലാ പിന്തുണയും ജറല്ല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.