കുവൈത്ത് സിറ്റി: കുവൈത്തിനെതിരെയും പ്രമുഖ വ്യക്തികൾക്കെതിരെയും ട്വിറ്ററിലൂടെ അപവാദ പ്രചാരണം നടത്തുന്ന മാഫിയ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുള്ള കുവൈത്ത് ആഭ്യന്തര മന്ത്രാലയം ശക്തമായ നടപടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ചില സർപ്രൈസ് നടപടികൾ ഉണ്ടാവുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അൽറായ് ദിനപത്രം റിപ്പോർട്ട് ചെയ്തു. കുവൈത്തിൽ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഭിഭാഷകെൻറ കസ്റ്റഡി പബ്ലിക് പ്രോസിക്യൂഷൻ നീട്ടി. കൂടുതൽ ചോദ്യം ചെയ്യുന്നതിനാണ് കസ്റ്റഡി കാലയളവ് നീട്ടിയത്. പ്രമുഖരുൾപ്പെടെ കുവൈത്തികൾക്കും സംഭവത്തിൽ പങ്കുള്ളതായി ആഭ്യന്തര മന്ത്രാലയം കണ്ടെത്തി.
ട്വിറ്റർ മാഫിയയുടെ പിന്നിലാര്, പ്രവർത്തന രീതി, ബ്ലാക്ക്മെയിൽ പദ്ധതികൾ, കുവൈത്തിനകത്തെയും പുറത്തെയും വ്യാജ അക്കൗണ്ടുകൾ എന്നിവ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. വിദേശരാജ്യങ്ങളിൽ ഇരുന്നാണ് കുവൈത്തിലെ മന്ത്രിമാർ, പാർലമെൻറംഗങ്ങൾ, മറ്റു പ്രമുഖ വ്യക്തികൾ എന്നിവർക്കെതിരെ വ്യാജ വാർത്തകൾ പോസ്റ്റ് ചെയ്യുന്നത്. നേരത്തേ ഇലക്ട്രോണിക് ന്യൂസ് നെറ്റ്വർക്ക് നടത്തുന്ന കുവൈത്തി അറസ്റ്റിലായിരുന്നു. കസ്റ്റഡിയിലുള്ള നാലോ അഞ്ചോ പേരെ ചോദ്യം ചെയ്തുവരുന്നു. വേനൽ അവധി ആഘോഷത്തിന് വിദേശത്ത് പോയിട്ടുള്ള ചിലർ തിരിച്ചെത്തിയാൽ ഉടൻ അറസ്റ്റുണ്ടാവുമെന്നാണ് സൂചന. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തത്. വിവിധ രാജ്യങ്ങളിൽനിന്നുള്ളവർക്ക് കുവൈത്തിനെതിരായ ട്വിറ്റർ പ്രചാരണത്തിൽ പങ്കുള്ളതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.