കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയവും മുനിസിപ്പാലിറ്റിയും സംയുക്തമായി നടത്തിയ പരിശോധനയിൽ 20 പേർ അറസ്റ്റിലായി. ഫർവാനിയ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച അബ്ബാസിയ, ഹസാവി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പിടിയിലായവരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി.
ജലീബിലെയും ഹസാവിയിലെയും അനധികൃത താമസക്കാർക്കും തെരുവു കച്ചവടക്കാർക്കുമെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സാലിഹ് ആശൂർ എം.പി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അധികൃതർ സർവ സന്നാഹവുമായി പരിശോധനക്കെത്തിയത്.
അനധികൃതമായി സ്ഥാപിച്ച പരസ്യ ബോർഡുകൾ നീക്കം ചെയ്തു. പഴങ്ങളും പച്ചക്കറികളും ഫർണിച്ചറുകളും കേടുവന്ന ഇലക്ട്രോണിക് ഉൽപന്നങ്ങളുമടക്കം സാധനങ്ങൾ മുനിസിപ്പാലിറ്റി അധികൃതർ ഇവിടെനിന്ന് കൊണ്ടുപോയി. വൃത്തിഹീനമായ അവസ്ഥയിൽ സൂക്ഷിച്ച് വിൽപനക്ക് വെച്ച ഭക്ഷ്യവസ്തുക്കളും പിടികൂടി.
സ്പോൺസറിൽനിന്ന് ഒളിച്ചോടിയവരും വിസ കാലാവധി കഴിഞ്ഞവരുമായ ആയിരക്കണക്കിനാളുകളാണ് ജലീബ് അൽ ശുയൂഖ്, ഹസാവി ഭാഗത്തുള്ളത്. വരുംദിവസങ്ങളിലും റെയ്ഡ് പ്രതീക്ഷിക്കാമെന്നാണ് അധികൃതർ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.