കുവൈത്ത് സിറ്റി: പാരമ്പര്യത്തിെൻറയും പൈതൃകത്തിെൻറയും ചരിത്രമുറങ്ങുന്ന മുത്തുകൾ തേടി അവർ വീണ്ടും സമുദ്രത്തിെൻറ വിദൂരതയിലേക്ക് യാത്ര തിരിച്ചു. സാൽമിയ സീ സ്പോർട്സ ് ക്ലബിനോട് അനുബന്ധിച്ചുള്ള തീരത്തുനിന്നാണ് 31ാം മുത്തുവാരൽ ഉത്സവത്തിന് തുടക്കം കുറിച്ചുള്ള ഈവർഷത്തെ യാത്ര തുടങ്ങിയത്. ഏറെ ദിവസങ്ങൾ നീണ്ട തയാറെടുപ്പിനും കാത്തിരിപ്പിനുമൊടുവിൽ ബന്ധുക്കളുടെയും നാട്ടുകാരുടെയും അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങിയായിരുന്നു സംഘത്തിെൻറ യാത്ര.
കടൽതീരത്ത് തടിച്ചുകൂടിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ബന്ധുമിത്രാദികളുടെ പ്രാർഥനയുടെ കരുത്തിൽ 195 യുവാക്കളടങ്ങിയ സംഘമാണ് 13 പായക്കപ്പലുകളിൽ ഖൈറാൻ ദ്വീപ് ലക്ഷ്യമാക്കി നീങ്ങിയത്. ‘ദാഷ’ എന്ന് പേരുള്ള പാരമ്പര്യ ആഘോഷത്തിനു ശേഷമാണ് സംഘം യാത്രതിരിച്ചത്. അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അൽജാബിർ അസ്സബാഹിെൻറ പ്രതിനിധിയായി വാർത്താവിനിമയ കാര്യ മന്ത്രി മുഹമ്മദ് അൽ ജബ്രി ചടങ്ങിനെത്തി. ഖുർആൻ സൂക്തങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ അദ്ദേഹം പതാക ഉയർത്തി. ഇതോടെ വെളുത്ത ബനിയനും നീല മുണ്ടും ധരിച്ച സംഘാംഗങ്ങൾ തങ്ങളുടെ സാധനസാമഗ്രികൾ പായക്കപ്പലുകളിലേക്ക് മാറ്റി. ബന്ധുക്കളെ ആശ്ലേഷിച്ച് ഓരോരുത്തരായി കപ്പലുകളിലേക്ക് കയറി. ഓരോ കപ്പലിലും ഒരാൾ ക്യാപ്റ്റനായിരിക്കും. ഒരാൾ സഹായിയും.
ഇനി എട്ടുനാൾ ഇവർ ഖൈറാൻ ദ്വീപിലായിരിക്കും. പകൽ കടലിെൻറ അഗാധതയിലേക്ക് മുങ്ങിച്ചെന്ന് മുത്തുകൾ ശേഖരിക്കുന്ന സംഘം രാത്രി പാരമ്പര്യ നൃത്തത്തിെൻറയും സംഗീതത്തിെൻറയും അകമ്പടിയോടെ ആഘോഷിച്ചു തിമിർക്കും. എണ്ണപ്പണക്കൊഴുപ്പിൽ വിസ്മൃതമായ പഴയകാലത്തെ ബുദ്ധിമുട്ടേറിയ ജീവിതരീതിയിലേക്കുള്ള തിരിച്ചുപോക്കുകൂടിയാണ് മുത്തുവാരൽ ഉത്സവം. എണ്ണപ്പണം കുമിഞ്ഞുകൂടുന്നതിനുമുമ്പ് സ്വദേശികളുടെ പ്രധാന ജോലിയും വരുമാന മാർഗവുമായിരുന്നു ഏറെ പ്രയാസമേറിയ മുത്തുവാരൽ. കൃത്രിമ മുത്തുകൾ രംഗം കൈയടക്കിയതോടെയാണ് യഥാർഥ മുത്തുകൾക്ക് ആവശ്യക്കാർ കുറഞ്ഞത്. 1986 മുതലാണ് മുത്തുവാരൽ ഉത്സവമാക്കി ആഘോഷിക്കാൻ തുടങ്ങിയത്. പൈതൃക ശേഷിപ്പുമായി എത്തുന്ന ഇവർക്ക് യുദ്ധം ജയിച്ചെത്തുന്ന യോദ്ധാക്കൾക്ക് നൽകുന്ന സ്വീകരണമാവും തീരത്ത് കണ്ണുനട്ടിരിക്കുന്ന ബന്ധുമിത്രാദികളും നാട്ടുകാരും നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.