കുവൈത്ത് സിറ്റി: സ്വദേശി താമസമേഖലയിൽനിന്ന് വിദേശി ബാച്ചിലർമാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രചാരണ ബോർഡ് സ്ഥാപിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി. കഴിഞ്ഞദിവസം മാതൃക താമസകേന്ദ്രങ്ങളിൽ 124 സ്ഥലത്ത് ബോർഡ് സ്ഥാപിച്ചു. വ്യാപകമായ പരിശോധന കാമ്പയിൻ നടത്തുന്നതിന് മുന്നോടിയായാണ് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്. പരിശോധനക്കായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംഘം പരിശോധനക്ക് മുന്നൊരുക്കം പൂർത്തിയാക്കിയതായി മുനിസിപ്പാലിറ്റി പൊതുജന സമ്പർക്ക വിഭാഗം മേധാവി മുഹമ്മദ് അൽമുതൈരി പറഞ്ഞു. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മുഴുവനായി പരിശോധന നടത്തുമെന്നും നിയമം ലംഘിച്ച് സ്വദേശി താമസ കേന്ദ്രങ്ങളിൽ താമസിക്കുന്ന മുഴുവൻ വിദേശി ബാച്ചിലർമാരെയും ഒഴിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുനിസിപ്പാലിറ്റി വിഷയത്തെ എത്രമാത്രം ഗൗരവമായാണ് എടുക്കുന്നതെന്ന് ബോധവത്കരണം നടത്താനാണ് ആദ്യഘട്ടമായി ബോർഡ് സ്ഥാപിച്ചത്. അടുത്ത ദിവസങ്ങളിൽ വ്യാപകമായി ഒഴിപ്പിക്കും. ആറ് തെരുവുകളിലും പ്രധാന റോഡരികുകളിലും അടുത്ത ദിവസങ്ങളിൽ ബോർഡ് സ്ഥാപിക്കും. വിവിധ ഗവർണറേറ്റുകളിലേക്ക് മുനിസിപ്പാലിറ്റി പ്രചാരണ ബോർഡുകൾ എത്തിച്ചിട്ടുണ്ട്. ബാച്ചിലർമാരോട് ഒഴിയാനാവശ്യപ്പെട്ടും താമസക്കാരോട് ഇതുസംബന്ധിച്ച വിവരങ്ങളും പരാതികളും അറിയിക്കാനാവശ്യപ്പെട്ടുമാണ് പരസ്യം. താമസകേന്ദ്രങ്ങളിൽ വിദേശി ബാച്ചിലർമാർ ഉണ്ടെങ്കിൽ 139 എന്ന ഹോട്ട്ലൈന്‍ നമ്പറിലോ മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റിലൂടെയോ േനരിട്ടോ അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.