കുവൈത്ത് സിറ്റി: രാജ്യത്തെ കടുത്ത ചൂട് പരിഗണിച്ച് ഏർപ്പെടുത്തിയ ഉച്ചസമയത്തെ പുറ ംജോലി വിലക്ക് ചില നിർമാണ കമ്പനികൾ ലംഘിക്കുന്നതായി റിപ്പോർട്ട്. കുവൈത്ത് ടൈംസ് സംഘം നടത്തിയ ഫീൽഡ് സന്ദർശനം സംബന്ധിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഹവല്ലിയിൽ അൽ ബഹർ കോംപ്ലക്സിന് സമീപത്തെ കെട്ടിടനിർമാണത്തിൽ നിയമം ലംഘിക്കുന്നതായി കുവൈത്ത് ടൈംസ് റിപ്പോർട്ട് ചെയ്തു. സാൽമിയയിൽ ഉച്ചക്ക് 12.30നും പൊള്ളുന്ന വെയിലിൽ തുറന്ന സ്ഥലത്ത് തൊഴിലാളികൾ ജോലിയിലാണ്. ഫോർത് റിങ് റോഡിൽ ഉച്ചക്ക് 1.35നും ഫർവാനിയയിൽ മൂന്നുമണിക്കും ഇത്തരത്തിൽ ജോലി ചെയ്യുന്നതായി കുവൈത്ത് ടൈം സംഘം നടത്തിയ ഫീൽഡ് സന്ദർശനത്തിൽ കണ്ടതായി റിപ്പോർട്ടിൽ പറയുന്നു.
നിയമം ലംഘിക്കുന്ന തൊഴിലുടമകളെയും തൊഴിലാളികളെയും കണ്ടെത്തുന്നതിന് മാൻപവർ അതോറിറ്റി പരിശോധന നടത്തുന്നുണ്ട്. മിന അബ്ദുല്ല, ശുവൈഖ് പോലുള്ള വ്യവസായ മേഖലയിലാണ് അതോറിറ്റി പരിശോധന കേന്ദ്രീകരിക്കുന്നത്. എന്നാൽ, ജനവാസ മേഖലയിലെ കെട്ടിടനിർമാണത്തിൽ നിയമം ലംഘിക്കുന്നു. ശക്തമായ ചൂടിൽ തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്താണ് അധികൃതർ മധ്യാഹ്ന ജോലി വിലക്ക് നിയമം പ്രാബല്യത്തിലാക്കിയത്. ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് അവസാനം വരെയാണ് നിയമം പ്രാബല്യത്തിലുണ്ടാകുക. ഈ മാസങ്ങളിൽ ഉച്ചക്ക് 11 മണിമുതൽ വൈകീട്ട് അഞ്ചുമണിവരെ പരിശോധനയിൽ പിടിക്കപ്പെട്ടാൽ തൊഴിലുടമക്കെന്നപോലെ തൊഴിലാളികൾക്കെതിരെയും നിയമനടപടിയുണ്ടാകും. നിയമലംഘനം കണ്ടെത്താൻ നിരീക്ഷകർക്ക് സ്മാർട്ട് മെഷീൻ ലഭ്യമാക്കിയിട്ടുണ്ട്.
തൊഴിലാളികൾക്ക് സൂര്യാഘാതം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കുന്നതിനാണ് പതിവുപോലെ ഇക്കുറിയും മധ്യാഹ്ന പുറംജോലി വിലക്ക് ഏർപ്പെടുത്തിയത്. നിയമം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ ആദ്യം നോട്ടീസ് നൽകും. പിന്നീടും ഇത് ആവർത്തിച്ചാൽ ഒരു തൊഴിലാളിക്ക് 100 ദീനാർ എന്ന കണക്കിൽ പിഴയും സ്ഥാപനങ്ങൾക്കെതിരെ മറ്റു നിയമനടപടികളും ഉണ്ടാകും. വിലക്ക് ലംഘിക്കുന്ന തൊഴിലുടമകളുടെ ഫയലുകൾ മരവിപ്പിക്കുന്നതുൾപ്പെടെ നടപടികളുണ്ടാവും. ഉച്ചവിശ്രമത്തിനായി നൽകുന്ന സമയനഷ്ടം ഒഴിവാക്കുന്നതിന് ആവശ്യമെങ്കിൽ അധികസമയം ജോലിചെയ്യിക്കാൻ തൊഴിലുടമകൾക്ക് അവകാശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.