കുവൈത്ത് സിറ്റി: ഉഷ്ണതരംഗവും കാട്ടുതീയും മൂലം ദുരിതമനുഭവിക്കുന്ന രാജ്യങ്ങളോട് അനുഭാവം പ്രകടിപ്പിച്ച് കുവൈത്ത്. സംഭവത്തിൽ അനുശോചിച്ച് അൽജീരിയ, ഗ്രീസ്, ഇറ്റലി രാജ്യങ്ങളിലെ ഭരണാധികാരികൾക്ക് കുവൈത്ത് ഭരണ നേതൃത്വം സന്ദേശങ്ങൾ അയച്ചു.
അപകടത്തിൽ മരിച്ചവർക്ക് ദൈവത്തിന്റെ കരുണയും പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്നും അൽജീരിയൻ പ്രസിഡന്റ് അബ്ദുൽ മദ്ജിദ് ടെബൗണിന് അയച്ച സന്ദേശത്തിൽ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അറിയിച്ചു. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവരും അൽജീരിയ പ്രസിഡന്റിന് അനുശോചനസന്ദേശം അയച്ചു. വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അൽജീരിയയോട് കുവൈത്തിന്റെ അനുഭാവവും ഐക്യദാർഢ്യവും അറിയിച്ചിരുന്നു.
അൽജീരിയയിൽ വിവിധ ഭാഗങ്ങളിൽ പടർന്നുപിടിച്ച കാട്ടുതീയിൽ ചുരുങ്ങിയത് 34 പേർ കൊല്ലപ്പെടുകയും 194 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ദുരിതബാധിതപ്രദേശങ്ങളിൽ ആളുകളെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ 10 സൈനികർ കൊല്ലപ്പെടുകയും ഇരുപത്തഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ഉണ്ടായി.
ഗ്രീസ് പ്രസിഡന്റ് കാറ്റെറിന സകെല്ലറോപൗലോവിനും കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അനുശോചന സന്ദേശം അയച്ചു. ഇരകളോട് ആത്മാർഥമായ അനുശോചനവും സഹതാപവും പ്രകടിപ്പിച്ച അമീർ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഗ്രീക്ക് ഉദ്യോഗസ്ഥർക്ക് ഈ പ്രകൃതിദുരന്തത്തിന്റെ പ്രത്യാഘാതങ്ങൾ വേഗത്തിൽ തരണം ചെയ്യാനാകട്ടെ എന്നും അറിയിച്ചു. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവരും ഗ്രീസ് പ്രസിഡന്റിന് സന്ദേശമയച്ചു.
കാട്ടുതീയിൽ നിരവധി ആളപായമുണ്ടായ ഇറ്റലിയിലെ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലക്കും കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവർ അനുശോചന സന്ദേശം അയച്ചു. കാട്ടുതീയുടെ പ്രത്യാഘാതങ്ങൾ എളുപ്പത്തിൽ അതിജീവിക്കാൻ ഇറ്റലിക്കാകട്ടെ എന്ന് അമീർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.