കുവൈത്ത് സിറ്റി: ചൂടുപിടിച്ച മാസങ്ങൾക്കുശേഷം രാജ്യം തണുപ്പുകാലത്തേക്ക് പ്രവേശിക്കുന്നു. നവംബർ പകുതിയോടെ കുറഞ്ഞുതുടങ്ങിയ താപനില ഡിസംബർ ആദ്യവാരത്തോടെ വീണ്ടും താഴ്ന്നു. ഇതോടെ രാജ്യത്ത് തണുപ്പ് അനുഭവപ്പെട്ടുതുടങ്ങി. പകൽ സമയത്ത് ശരാശരി 20 ഡിഗ്രി സെൽഷ്യസിലേക്ക് താപനില താഴ്ന്നിട്ടുണ്ട്. രാത്രി താപനില ഇതിലും കുറയുന്നതിനാൽ തണുപ്പിന്റെ തീവ്രത കൂടുന്നുണ്ട്. തിങ്കളാഴ്ചയിലെ മഴയോടെയാണ് അന്തരീക്ഷതാപത്തിൽ പെട്ടെന്നുള്ള മാറ്റം പ്രകടമായിത്തുടങ്ങിയത്. ഡിസംബർ ആദ്യ വാരത്തോടെ രാജ്യം ശൈത്യകാലത്തേക്ക് പ്രവേശിക്കുമെന്ന് കാലാവസ്ഥ വിഭാഗം നേരത്തേ വ്യക്തമാക്കിയിരുന്നു.
തണുപ്പ് എത്തിയതോടെ പുറത്തിറങ്ങുമ്പോൾ സ്വെറ്റർ, ജാക്കറ്റ് എന്നിവകൂടി ആളുകൾ ധരിക്കാൻ തുടങ്ങി. ഷോപ്പുകളിൽ സ്വെറ്റർ, ജാക്കറ്റ് എന്നിവയുടെ വിൽപനയും സജീവമാണ്. കൈകൾ ഇല്ലാത്ത ജാക്കറ്റ് രൂപത്തിലുള്ളവ, ഫുൾകൈ ഉള്ളവ, തൊപ്പികൂടി ഉൾപ്പെടുന്നവ എന്നിങ്ങനെ വിവിധ തരത്തിൽ സ്വെറ്ററുകളും ജാക്കറ്റുകളും വിപണിയിലുണ്ട്.
ഡിസംബർ അവസാനത്തോടെ തണുപ്പ് കൂടുന്നതാണ് കുവൈത്തിന്റെ ചരിത്രം. ജനുവരി, ഫ്രെബ്രുവരി മാസങ്ങളിൽ അന്തരീക്ഷതാപം ഏറ്റവും കുറഞ്ഞ നിലയിലെത്തും. മാർച്ച് അവസാനത്തോടെ താപനില ഉയർന്നുതുടങ്ങും. ഈ വർഷം രാജ്യത്ത് റെക്കോഡ് ചൂട് രേഖപ്പെടുത്തിയിരുന്നു. വേനലിൽ കനത്ത ചൂടും ശൈത്യകാലത്ത് കനത്ത തണുപ്പും അനുഭവപ്പെടുന്ന രാജ്യമാണ് കുവൈത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.