പ്രായമായവരുടെ ജീവിത നിലവാരവും മാനസിക-സാമൂഹിക ക്ഷേമവും ഉയർത്താൻ ലക്ഷ്യമിട്ട് കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് ‘ജീവിതത്തിന് കൂട്ട്’ എന്ന പേരിൽ നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽനിന്ന്
കുവൈത്ത് സിറ്റി: പ്രായമായവരുടെ ജീവിത നിലവാരവും മാനസിക-സാമൂഹിക ക്ഷേമവും ഉയർത്താൻ ലക്ഷ്യമിട്ട് കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് ‘ജീവിതത്തിന് കൂട്ട്’ എന്ന പേരിൽ പരിപാലന പദ്ധതി ആരംഭിച്ചു. കുടുംബ, സാമൂഹിക ക്ഷേമ മന്ത്രി ഡോ. അംതാൽ അൽ-ഹുവൈല ഉദ്ഘാടനം നിർവഹിച്ചു. സർക്കാർ സ്ഥാപനങ്ങളും സമൂഹിക സംഘടനകളും തമ്മിലുള്ള സഹകരണത്തിന്റെ മാതൃകയായി ശൈഖ് അബ്ദുല്ല അൽ നൂരി ചാരിറ്റബിൾ സൊസൈറ്റിയുമായി ചേർന്നാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് സോഷ്യൽ വെൽഫെയറിന് കീഴിലുള്ള അവയർനെസ് ആൻഡ് ഗൈഡൻസ് സെന്റർ ഈ സംരംഭം നടപ്പാക്കുന്നത്.
പ്രായമായവർക്ക് പരിചരണവും ബഹുമാനവും അംഗീകാരവും ഉറപ്പാക്കുന്നതോടൊപ്പം സമൂഹത്തിന് വിലപ്പെട്ട സംഭാവനകൾ നൽകാൻ അവരെ പ്രാപ്തരാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വയോജനങ്ങളുടെ മാനസികാരോഗ്യവും ക്ഷേമവും ഉറപ്പുവരുത്താനും സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് കൗൺസലിങ്, പൊതുപരിപാടികൾ, ശിൽപശാലകൾ എന്നിവ സംഘടിപ്പിക്കും.
അവരുടെ കഴിവുകളും അനുഭവ സമ്പത്തും ഉപയോഗപ്പെടുത്താനും സമൂഹത്തിൽ തുടർ പങ്കാളിത്തം ഉറപ്പുവരുത്താനും പരിപാടികൾ ആവിഷ്‍കരിച്ച് നടപ്പാക്കും.
‘ജീവിതത്തിന് കൂട്ട്’ പദ്ധതി പ്രായമായ പൗരന്മാർക്ക് നന്ദിയും അംഗീകാരവും അറിയിക്കലാണെന്നും സമൂഹം കെട്ടിപ്പടുക്കുന്നതിൽ അവർ നൽകിയ സംഭാവനകൾക്കും പങ്കിനുമുള്ള ആദരവാണെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സോഷ്യൽ വെൽഫെയർ ഡയറക്ടർ ജനറൽ ഡോ. ജാസിം അൽ കൻദരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.