ജറുസലമിൽ കൊളംബിയ എംബസി; കുവൈത്തും അറബ്, മുസ്ലീം രാജ്യങ്ങളും അപലപിച്ചു
കുവൈത്ത് സിറ്റി: അധിനിവേശ ജറുസലമിൽ എംബസി തുറക്കാനുള്ള കൊളംബിയയുടെ തീരുമാനത്തെ കുവൈത്തും അറബ്, മുസ്ലീം രാജ്യങ്ങളും അപലപിച്ചു. ഈ നടപടി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി പ്രമേയങ്ങളെ ലംഘിക്കുന്നതാണെന്നും, ശാശ്വത സമാധാനത്തിനായുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്നും അവർ മുന്നറിയിപ്പ് നൽകി.
കുവൈത്ത് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ, കുവൈത്ത്, ജോർഡൻ, അൾജീരിയ, ഇന്തോനേഷ്യ, പാകിസ്താൻ, തുർക്കിയ, ജിബൂട്ടി, സൗദി അറേബ്യ, സുഡാൻ, സിറിയ, സൊമാലിയ, ഒമാൻ, ഫലസ്തീൻ, ഖത്തർ, ലബനാൻ, ലിബിയ, മലേഷ്യ, ഈജിപ്ത്, യമൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ കൊളംബിയയുടെ തീരുമാനത്തെ ശക്തമായി എതിർക്കുന്നതായി വ്യക്തമാക്കി.
അധിനിവേശ ജറുസലേമിന്റെ നിയമപരമോ ചരിത്രപരമോ ആയ പദവി മാറ്റാനോ, അല്ലെങ്കിൽ അതിനെ ഇസ്രായേൽ അധിനിവേശത്തിന്റെ തലസ്ഥാനമായി അംഗീകരിക്കാനോ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികളും തീരുമാനവും അസാധുവാണെന്നും, അതിന് യാതൊരു നിയമപരമായ സാധുതയുമില്ലെന്നും ഈ രാജ്യങ്ങൾ ഊന്നിപ്പറഞ്ഞു.
1967 ൽ അധിനിവേശത്തിന് വിധേയമായ ഫലസ്തീൻ പ്രദേശങ്ങളുടെ ഭാഗമാണ് ജറുസലം നഗരം. 1980-ൽ പാസാക്കിയ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി പ്രമേയങ്ങൾ ജറുസലമിന്റെ സ്വഭാവമോ പദവിയോ മാറ്റാനുള്ള ശ്രമങ്ങളെ തള്ളിക്കളയുകയും നയതന്ത്ര കാര്യാലയങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെടുന്നതുമാണെന്ന് അറബ്, മുസ്ലീം രാജ്യങ്ങൾ ചൂണ്ടികാട്ടി. തങ്ങളുടെ നിലപാട് ഐക്യരാഷ്ട്രസഭ രക്ഷാ സമിതിയുടെയും പൊതുസഭയുടെയും പ്രമേയങ്ങളുമായി ഒത്തുപോകുന്നതാണെന്നും വ്യക്തമാക്കി.
ജറുസലമിൽ എംബസി തുറക്കാനുള്ള തീരുമാനം കൊളംബിയ പുന:പരിശോധിക്കണമെന്നും പിൻവലിക്കണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു. കിഴക്കൻ ജറുസലം തലസ്ഥാനമായി സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശം ഉൾപ്പെടെ, ഫലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങളെ ദുർബലപ്പെടുത്തുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കാനും അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.