കുവൈത്ത് സിറ്റി: കുവൈത്തിലെ ക്രിസ്തീയ സമൂഹം ഉയിർപ്പ് പെരുന്നാൾ ആഘോഷിച്ചു. ലോകത്തിെൻറ പാപങ്ങള്‍ ചുമലിലേറ്റി കുരിശിലേറിയ യേശു മൂന്നാംനാള്‍ ഉയിര്ത്തെഴുന്നേറ്റതിെൻറ ഓർമ പുതുക്കിയാണ് ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിച്ചത്. ഈസ്റ്റർ ദിനത്തിൽ ചർച്ചുകൾക്കും ദേവാലയങ്ങൾക്കും പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ആഭ്യന്തര മന്ത്രാലയം ഒരുക്കിയത്.
കുവൈത്തിലെ വിവിധ ഇടവകകളുടെയും ആത്മീയ സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന ഈസ്റ്റർ ദിന ശുശ്രൂഷകളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ചർച്ചുകളിലും താൽക്കാലിക ദേവാലയങ്ങളിലും പ്രത്യേക പ്രാർഥനകൾ നടന്നു. 50 ദിവസത്തെ നോമ്പാചരണത്തിെൻറ വിശുദ്ധിയോടെയാണ് വിശ്വാസികൾ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകളിൽ പങ്കെടുത്തത്. സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രാലയം ദേവാലയങ്ങൾക്ക് ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. കർശന പരിശോധനകൾക്ക് ശേഷമാണ് ദേവാലയങ്ങളിലേക്ക് ആളുകളെ പ്രവേശിപ്പിച്ചത്.
വനിത പൊലീസ്, ബോംബ് സ്‌ക്വാഡ്, ആംബുലൻസുകൾ തുടങ്ങിയ സന്നാഹങ്ങൾ ചർച്ചുകൾക്ക് മുന്നിൽ ഒരുക്കിനിർത്തിയിരുന്നു. ഈജിപ്തിലെ ക്രിസ്ത്യൻ പള്ളിയിൽ നടന്ന ചാവേർ ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായാണ് സുരക്ഷ ശക്തമാക്കിയത്. ആഴ്ചകൾക്കുമുമ്പ് കുവൈത്തിലെ പ്രധാന ക്രിസ്ത്യൻ ദേവാലയമായ സിറ്റി കത്തീഡ്രലിൽ കുർബാനക്കിടെ വൈദികനെ ആക്രമിക്കാൻ ശ്രമിച്ചയാളെ കുവൈത്ത് പൊലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ ആഴ്ച ഫിലിപ്പീൻസിൽ പിടിയിലായ അലി ഹുസൈൻ ദുഫൈരി എന്ന സ്വദേശിയെ ചോദ്യം ചെയ്തതിൽനിന്ന് കുവൈത്തിൽ സ്ഫോടനം നടത്താൻ ഐ.എസ് ഭീകരർ പദ്ധതിയിട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇതുകൂടി കണക്കിലെടുത്താണ് സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചത്. ക്രിസ്ത്യൻ പള്ളികൾക്ക് പുറമെ ശിയാക്കളുടെ ഹുസൈനിയകൾക്കും പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ഈസ്റ്റർ ശുശ്രൂഷകൾക്ക് കണ്ടനാട് ഈസ്റ്റ് ഭദ്രാസനം
അരമന മാനേജർ കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ നേതൃത്വം നല്‍കി. ഖൈത്താൻ കമ്യൂണിറ്റി സ്കൂളിൽ നടന്ന ശുശ്രൂഷയിൽ കുവൈത്തിലെ ഓർത്തഡോക്സ് വിശ്വാസികളായ നൂറുകണക്കിന് ആളുകൾ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.