‘ഗൾഫ് ഷീൽഡ്’ സൈനികാഭ്യാസത്തിൽ നിന്ന്
കുവൈത്ത് സിറ്റി: സൗദി അറേബ്യയിൽ നടന്ന ജി.സി.സി രാജ്യങ്ങളുടെ ‘ഗൾഫ് ഷീൽഡ്-2026’ സൈനികാഭ്യാസത്തിൽ മികവ് പ്രകടിപ്പിച്ച് കുവൈത്ത്.
സൈനികാഭ്യാസത്തിൽ കുവൈത്ത് സൈന്യം പങ്കെടുത്തതായി കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് അറിയിച്ചു. പ്രാദേശിക പ്രതിരോധ സഹകരണം ശക്തിപ്പെടുത്താനും ജിസിസി സേനകളുടെ യുദ്ധസന്നദ്ധത ഉയർത്താനും ലക്ഷ്യമിട്ടാണ് അഭ്യാസം സംഘടിപ്പിച്ചത്.
സംയുക്ത വ്യോമ തന്ത്രങ്ങളും സംയോജിത ഫീൽഡ് പരിശീലനങ്ങളും ഉൾപ്പെടുത്തി വിവിധ ഘട്ടങ്ങളിലായാണ് പരിശീലനം നടന്നത്. വ്യോമ-മിസൈൽ ആക്രമണ സാധ്യതകൾ നേരിടാനുള്ള പരിശീലനങ്ങൾക്കും അഭ്യാസത്തിൽ പ്രത്യേക പ്രാധാന്യം നൽകി
പരസ്പര പ്രവർത്തനക്ഷമത വർധിപ്പിക്കൽ, കമാൻഡ്-കൺട്രോൾ സംവിധാനങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങൾക്കും ‘ഗൾഫ് ഷീൽഡ് -2026’ പ്രത്യേക ശ്രദ്ധ നൽകി. അഭ്യാസത്തിന്റെ സമാപനത്തിൽ പങ്കെടുത്ത സേനകൾ സംയുക്ത വ്യോമ പ്രദർശനം നടത്തി. ഉയർന്ന തലത്തിലുള്ള ഏകോപനവും സംയോജനവും ദൗത്യനിർവഹണ ശേഷിയും പ്രദർശനത്തിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു.
‘ഗൾഫ് ഷീൽഡ് -2026’ അഭ്യാസം ജി.സി.സി രാജ്യങ്ങൾക്കിടയിലെ സൈനിക സഹകരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്തംഭങ്ങളിലൊന്നാണെന്നും പ്രതിരോധ സംയോജനം വർധിപ്പിക്കുന്നതിനും വിവിധ പ്രാദേശിക, അന്തർദേശീയ വെല്ലുവിളികളോട് പ്രതികരിക്കാനുള്ള കഴിവ് വർധിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും ജനറൽ സ്റ്റാഫ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.