വീണ്ടും വിദേശികള്‍ക്കെതിരെ ആക്രമണം: അബ്ബാസിയയില്‍ ഗര്‍ഭിണിയില്‍നിന്ന് ബാഗ് തട്ടിപ്പറിച്ചു

കുവൈത്ത് സിറ്റി: അബ്ബാസിയയില്‍ വിദേശികള്‍ക്കെതിരെ ആക്രമണം ആവര്‍ത്തിക്കുന്നു. ശനിയാഴ്ച അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിനടുത്ത് ശനിയാഴ്ച രാവിലെ വിദേശിയായ ഗര്‍ഭിണി ആക്രമണത്തിനിരയായി. 
ബാഗ് തട്ടിപ്പറിച്ചോടിയ അക്രമിയെ ചെറുക്കുന്നതിനിടെ വയറടിച്ച് വീണ ഇവര്‍ ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. സ്കാനിങ്ങില്‍ പ്രശ്നമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ളെങ്കിലും ഇവര്‍ ആശുപത്രി വിട്ടിട്ടില്ല. ആരോഗ്യവകുപ്പിന് കീഴിലെ നഴ്സാണ് ഇവര്‍. സമീപത്തെ ബേബി സിറ്റിങ്ങില്‍ കുട്ടിയെ കൊണ്ടുവിട്ട് മടങ്ങുമ്പോളാണ് അതിക്രമത്തിനിരയായത്. രണ്ടു കെട്ടിടത്തിനിടയിലുള്ള വഴിയിലൂടെ നടന്നുപോവുമ്പോഴാണ് അക്രമി ബാഗ് തട്ടിപ്പറിച്ചത്. 
സമീപത്തെ കെട്ടിടനിര്‍മാണ തൊഴിലാളികളായ ഈജിപ്ത് സ്വദേശികള്‍ അക്രമിയെ തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. എന്നാല്‍, മല്‍പിടിത്തത്തിനിടെ ഇയാള്‍ ബാഗ് ഉപേക്ഷിച്ചു. ഈജിപ്ത് സ്വദേശികള്‍ ബാഗ് ബക്കാലയില്‍ ഏല്‍പിച്ചതിനെ തുടര്‍ന്ന് നഴ്സിന്‍െറ താമസരേഖകളും മറ്റും തിരിച്ചുകിട്ടി. ഒരു മാസത്തിനിടെ നിരവധി വിദേശികളാണ് അബ്ബാസിയയില്‍ കവര്‍ച്ചക്കിരയായത്. ഇവരില്‍ അധികവും ഇന്ത്യക്കാരുമായിരുന്നു. 
തദ്ദേശീയരായ ബിദൂനി യുവാക്കളാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്നാണ് ആരോപണം. പിടിച്ചുപറിയും കവര്‍ച്ചയും പതിവായതോടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതരായി പുറത്തിറങ്ങി നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. പകല്‍ പോലും സുരക്ഷിതമല്ലാത്ത അവസ്ഥയാണ്. ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് മേഖലയില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ഫര്‍വാനിയ ഗവര്‍ണറും പൊലീസും ഉറപ്പുനല്‍കിയിട്ടുണ്ട്. 
ഇതിനുശേഷവും അക്രമം തുടര്‍ന്നത് ആശങ്കയുളവാക്കുന്നു. അബ്ബാസിയയില്‍ കമ്യൂണിറ്റി വളന്‍റിയറായി സേവനം ചെയ്യാന്‍ തയാറുള്ളവര്‍ക്ക് ഇതിനുള്ള അനുമതിപത്രം നല്‍കുമെന്ന് റിപ്പബ്ളിക് ദിന പ്രഭാഷണത്തില്‍ അംബാസഡര്‍ വ്യക്തമാക്കിയിട്ടുണ്ട്. 
ഇട റോഡുകളിലും കെട്ടിടങ്ങള്‍ക്കിടയിലുമാണ് കവര്‍ച്ചകള്‍ അധികവും നടക്കാറുള്ളത് എന്നതിനാല്‍ പൊലീസ് പട്രോളിങ് കൊണ്ടുമാത്രം തടയാനാവില്ല. ഇടവഴികളിലൂടെ ഒറ്റക്ക് നടക്കുന്നവരെയാണ് കവര്‍ച്ചക്കാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. 

News Summary - kuwait crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.