മലയാളികളെ കൊന്ന് കവര്‍ച്ച:  പ്രതിയുടെ വധശിക്ഷ  സുപ്രീംകോടതി ശരിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ സെക്യൂരിറ്റി ജീവനക്കാരായിരുന്ന മലയാളികളെ കൊന്ന് കവര്‍ച്ച നടത്തിയ കേസില്‍ പ്രതിയുടെ വധശിക്ഷ സുപ്രീംകോടതിയും ശരിവെച്ചു. ഒന്നാം പ്രതി യൂസുഫ് സുലൈമാന്‍ ഉബൈദ് അലി (21) എന്ന ബിദൂനിയെ തൂക്കിക്കൊല്ലാനും രണ്ടാം പ്രതി അബ്ദുല്ല സഅദ് അല്‍ ഇന്‍സിയെ 10 വര്‍ഷം തടവിലിടാനുമുള്ള ക്രിമിനല്‍ കോടതി വിധിയാണ് സുപ്രീംകോടതി ശരിവെച്ചത്. കേസിലെ മൂന്നും നാലും പ്രതികളായ സിറിയക്കാരനും കുവൈത്തിക്കും 500 ദീനാര്‍ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. പ്രതികള്‍ക്ക് രക്ഷപ്പെടാനും ആയുധങ്ങള്‍ സൂക്ഷിക്കാനും സൗകര്യം ചെയ്തുകൊടുത്തതിനാണ് ഇവരെ ശിക്ഷിച്ചത്. 2014 ഏപ്രിലില്‍ ആയിരുന്നു സുലൈബിയ പച്ചക്കറി മാര്‍ക്കറ്റിനടുത്ത് മലയാളികള്‍ കൊള്ളസംഘത്തിന്‍െറ വെടിയേറ്റ് കൊല്ലപ്പെട്ടത്. 
ബദര്‍ അല്‍  മുല്ല സെക്യൂരിറ്റി കമ്പനിയിലെ ഗാര്‍ഡുമാരായ കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി ശാര്‍ങ്ഗധരനും, മലപ്പുറം കൊളത്തൂര്‍ സ്വദേശി റാഷിദ് ജമലുലൈ്ളലി തങ്ങളുമായിരുന്നു കൊല്ലപ്പെട്ടത്. സുലൈബിയയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് കലക്ഷന്‍ പണവുമായി പുറത്തിറങ്ങിയ ഇരുവരെയും കൊള്ളസംഘം ആക്രമിക്കുകയായിരുന്നു. വെടിയേറ്റ ശാര്‍ങ്ഗധരന്‍ സംഭവസ്ഥലത്തു വെച്ചും റാഷിദ് തങ്ങള്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.  ഇവരുടെ പക്കലുണ്ടായിരുന്ന 13,000 ദീനാറുമായി കടന്നുകളഞ്ഞ അക്രമികളെ രണ്ടു ദിവസത്തിനകം പൊലീസ് പിടികൂടിയിരുന്നു. 
മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച ക്രിമിനല്‍ കോടതി കഴിഞ്ഞ  ജൂലൈയില്‍ ഒന്നാം പ്രതിക്ക് വധശിക്ഷയും രണ്ടാം പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ 10 വര്‍ഷത്തെ കഠിന തടവും വിധിക്കുകയായിരുന്നു. തുടര്‍ന്ന്, പ്രതികള്‍ മേല്‍കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ കോടതിയും സമാന വിധിതന്നെ പ്രസ്താവിക്കുകയാണുണ്ടായത്. തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ വിധിയുണ്ടായിരിക്കുന്നത്. 
ഇതോടെ ഒന്നാം പ്രതിക്ക് വധശിക്ഷയില്‍നിന്ന് രക്ഷപ്പെടണമെങ്കില്‍ ഇനി അമീറിന്‍െറ കാരുണ്യം മാത്രമാണ് ബാക്കിയുള്ളത്.

Tags:    
News Summary - kuwait crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.