കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്നു കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മൂന്നു മലയാളികൾക്ക് ശിക്ഷയിളവ്. മയക്കുമരുന്ന് കടത്തുകയും വിൽപനക്കായി കൈവശംവെക്കുകയും ചെയ്ത കേസിൽ മലപ്പുറം ചീക്കോട് വാവൂർ മാഞ്ഞോട്ടുചാലിൽ ഫൈസൽ (33), പാലക്കാട് മണ്ണാർക്കാട് സ്വദേശി മുസ്തഫ ഷാഹുൽ ഹമീദ് (41), കാസർകോട് സ്വദേശി അബൂബക്കർ സിദ്ദീഖ് (21) എന്നിവർക്ക് ജഡ്ജി മുതീബ് അൽആദിരിയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ കോടതി (ഫസ്റ്റ് കോർട്ട്) ബെഞ്ച് വിധിച്ച വധശിക്ഷയാണ് സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചത്. ഫൈസൽ ഒന്നാം പ്രതിയും മുസ്തഫ ഷാഹുൽ ഹമീദ് മൂന്നാം പ്രതിയും അബൂബക്കർ സിദ്ദീഖ് നാലാം പ്രതിയുമാണ്. ഇവരോടൊപ്പം രണ്ടാം പ്രതിയായ ശ്രീലങ്കൻ സ്വദേശിനി സുക്ലിയ സമ്പത്തിനെയും (40) തൂക്കിക്കൊല്ലാൻ വിധിച്ചിരുന്നു. ഇവർക്കും ശിക്ഷയിളവ് ലഭിച്ചിട്ടുണ്ട്.
2015 ഏപ്രിൽ 19നാണ് ഇവരിൽനിന്ന് നാലു കിലോയിലധികം ഹെറോയിൻ പിടികൂടിയത്. വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രതികളിലൊരാളിൽനിന്ന് കസ്റ്റംസ് വിഭാഗം മയക്കുമരുന്ന് കണ്ടെടുക്കുകയായിരുന്നു. ഇയാളിൽനിന്ന് വിവരം കിട്ടിയതിെൻറ അടിസ്ഥാനത്തിൽ ജലീബ് അൽശുയൂഖിലെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ വിൽപനക്കായി സൂക്ഷിച്ചിരുന്ന മയക്കുമരുന്നും അവിടെയുണ്ടായിരുന്ന ബാക്കി മൂന്നുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് േപ്രാസിക്യൂഷൻ കേസ്. രാജ്യത്ത് 1964 മുതൽ തന്നെ വധശിക്ഷ നടപ്പാക്കിയിരുന്നുവെങ്കിലും മയക്കുമരുന്ന് കടത്തും വിൽപനയും അതിന് തക്കതായ കുറ്റങ്ങളായി പരിഗണിച്ചിരുന്നില്ല. എന്നാൽ, മയക്കുമരുന്ന് കടത്തും ഉപയോഗവും തകൃതിയായതോടെ 1997 മേയിൽ വരുത്തിയ ഭേദഗതി പ്രകാരം ഈ കുറ്റത്തിനും വധശിക്ഷ വിധിച്ചുതുടങ്ങി. ഇതുവരെ 10 പേർ മയക്കുമരുന്ന് കേസിൽ തൂക്കിലേറ്റപ്പെട്ടിട്ടുണ്ട്. 2006 ജൂലൈ 11ന് തൂക്കിലേറ്റപ്പെട്ട ശകറുല്ല അൻസാരിയാണ് മയക്കുമരുന്ന് കേസിൽ വധശിക്ഷക്ക് വിധേയനായ ഏക ഇന്ത്യക്കാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.