പ്രതീകാത്മക ചിത്രം
കുവൈത്ത് ആഭ്യന്തര മന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തി; മൂന്നുപേർക്ക് വധശിക്ഷ
കുവൈത്ത് സിറ്റി: ഇറാനുമായും ഹിസ്ബുല്ലയുമായും സഹകരിക്കുകയും, ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് അസ്സബാഹ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്ത കേസിൽ കുവൈത്തിൽ മൂന്ന് പ്രതികൾക്ക് വധശിക്ഷ വിധിച്ചു. ഭീകരവിരുദ്ധ സ്റ്റേറ്റ് സെക്യൂരിറ്റി ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. കൂട്ടുപ്രതികളായ എട്ടു പേർക്ക് അഞ്ച് വർഷം തടവുശിക്ഷയും വിധിച്ചു.
അതേസമയയം, ഈ വിധി അന്തിമമല്ല. കേസ് അപ്പീൽ കോടതിയുടെ പരിഗണനക്ക് പോകുന്നതിനാൽ, അവിടെ നിന്നായിരിക്കും അന്തിമ വിധി വരിക.
ഇറാനും ഹിസ്ബുല്ലയും വേണ്ടി ചാരപ്പണി നടത്തി, കുവൈത്തിനെതിരെ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടു, ഉന്നത ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി, നിരോധിക്കപ്പെട്ട സംഘടനയിൽ ചേർന്നു, ദേശീയ താൽപ്പര്യങ്ങളെ ഹനിക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതക ഗൂഢാലോചനയിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിക്കാൻ ശ്രമിച്ചതിന് ചിലർക്കെതിരെ കുറ്റം ചുമത്തി. കൊലപാതകങ്ങൾക്കായി വിദേശത്തുനിന്ന് സ്ഫോടകവസ്തുക്കൾ കടത്താൻ ശ്രമിച്ചതിന് ഒരാൾക്കെതിരെയും കുറ്റം ചുമത്തി.
രാജ്യത്തിന്റെ സുരക്ഷ തകർക്കാനും, സമൂഹത്തിൽ അസ്വസ്ഥത വിതക്കാനും, അധികൃതരിൽ പൊതുജനങ്ങൾക്ക് ഉള്ള വിശ്വാസം ഇളക്കാനും പ്രതികൾ ശ്രമിച്ചുവെന്ന് കോടതി വിധിയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.