റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണം; കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം

കുവൈത്ത് സിറ്റി: സൗദി തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി വിമതർ നടത്തിയ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും നഗ്നമായ ലംഘനമാണ്. സാധാരണക്കാരുടെ സ്വത്തുക്കളെയും സുപ്രധാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ ശത്രുതാപരമായ നടപടിയായി ആക്രമണത്തെ കണക്കാക്കാം.

വ്യോമഗതാഗതത്തിന്റെയും സാധാരണക്കാരുടെയും സുരക്ഷക്ക് ആക്രമണം നേരിട്ടുള്ള ഭീഷണി ഉയർത്തുന്നു. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി.

തങ്ങളുടെ സുരക്ഷയും സ്ഥിരതയും, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും സംരക്ഷിക്കുന്നതിനായി സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ്ണ ഐക്യദാർഢ്യവും ഉറച്ച പിന്തുണയും കുവൈത്ത് ആവർത്തിച്ചു.

കുവൈത്തിന്റെയും ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളുടെയും സുരക്ഷയുടെ അവിഭാജ്യ ഘടകമാണ് സൗദിയുടെ സുരക്ഷ. ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാനും, ജനങ്ങളെയും, സ്വത്തുക്കളെയും, സിവിൽ ഏവിയേഷൻ സൗകര്യങ്ങളെയും സംരക്ഷിക്കുന്നതിനും, കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.

സംഭവത്തിൽ സൗദി നേതൃത്വം, സർക്കാർ, ജനങ്ങൾ മറ്റ് രാജ്യക്കാരായ ഇരകളുടെ കുടുംബങ്ങൾ എന്നിവരെ കുവൈത്ത് ആത്മാർത്ഥമായ അനുശോചനം അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും ആശംസിച്ചു. ശനിയാഴ്ച റിയാദിലെ കിംങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെയുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 300 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

നാല് സൗദി പൗരന്മാർ, ബംഗ്ലാദേശ്, ഫലസ്തീൻ, യു.എസ്, ഈജിപ്ത്, ജോർഡൻ, സിറിയ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ 300 ലേറെ പേരിൽ ഗുരുതരാവസ്ഥയിലുള്ളവരും ഉൾപ്പെടുന്നു.

Tags:    
News Summary - Kuwait Condemns Riyadh Airport Attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.