സമരം നൽകുന്നത് മതേതര-ജനാധിപത്യ ശുഭസൂചനകൾ

ഡൽഹി ഇന്ന് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശബ്ദവേദിയായി മാറിയിരിക്കുകയാണ്. ഭരണകൂടത്തിന്റെ ജനദ്രോഹ നയങ്ങൾക്കും ജനാധിപത്യക്കശാപ്പിനും എതിരെ പൗരന്മാർ നീതി തേടുന്ന സമരഭൂമിയായി ഇവിടെ മാറിക്കഴിഞ്ഞു. രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളും ഭരണഘടനാ സ്ഥാപനങ്ങളുടെ അവകാശങ്ങളും കവർന്നെടുക്കപ്പെടുന്ന ഭരണകൂട ഭീകരതക്കെതിരെ ഉയർന്നുവന്ന സമരം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ നിർണ്ണായകമായ വഴിതിരിവാണ്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ഭരണാധികാരികളുടെയും പക്ഷപാതപരമായ നടപടികൾക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ സഖ്യത്തിലെ പ്രമുഖ നേതാക്കളും എം.പിമാരും തെരുവിലുണ്ട്. പ്രക്ഷോഭത്തിന് സമാനതകളില്ലാത്ത ഊർജ്ജം പകർന്ന് സി.ജെ.പിയും വിദ്യാർത്ഥി-യുവജന സമൂഹങ്ങളും.

വിവിധ കാമ്പസുകളിൽ നിന്നുള്ള ചെറുപ്പക്കാർ ബാരിക്കേഡുകളും അതിക്രമങ്ങളും തകർത്തെറിഞ്ഞ് സമരമുഖത്തേക്ക് ഇരച്ചെത്തുന്നത് ഏകാധിപത്യ പ്രവണതകൾക്കെതിരെ ഭയരഹിതരായി പൊരുതാൻ യുവത്വം സജ്ജമാണെന്നതിന്റെ അടയാളപ്പെടുത്തലാണ്.

​പ്രതിപക്ഷ നേതാക്കളെയും സമരക്കാരെയും ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തതുകൊണ്ടോ മർദ്ദനങ്ങളും അടിച്ചമർത്തലുകളും അഴിച്ചുവിട്ടതുകൊണ്ടോ ഈ ജനരോഷത്തെ തടയാനാവില്ലെന്ന് ഭരണകൂടം തിരിച്ചറിയണം.

തനിക്കെതിരെയുള്ള ഓരോ കേസും നെഞ്ചിലെ മെഡലാണെന്നാണ് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പറഞ്ഞത്. ഇതിനൊപ്പം യുവജനങ്ങളുടെ അടിയുറച്ച പോരാട്ടവീര്യവും വിരൽ ചൂണ്ടുന്നത് ശക്തമായൊരു രാഷ്ട്രീയ മുന്നറിയിപ്പാണ്.

ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യവും പൗരാവകാശങ്ങളും സംരക്ഷിക്കപ്പെടണമെങ്കിൽ ജനകീയ പ്രക്ഷോഭങ്ങൾ അനിവാര്യമാണെന്ന് ഈ സമരം ഓർമ്മിപ്പിക്കുന്നു. ഫാസിസ്റ്റ് ശക്തികൾക്കെതിരെ ഭാവി തലമുറ ഉയർത്തുന്ന ഈ ശക്തമായ ചെറുത്തുനിൽപ്പ് ഇന്ത്യയുടെ മതേതര-ജനാധിപത്യ പാരമ്പര്യത്തെ കുറിച്ച ശുഭസൂചനകൾ നൽകുന്നു.

News Summary - Delhi Protests For Democracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.