കുവൈത്ത് സിറ്റി: ഇറാൻ-ഖത്തറിലെ യു.എസ് വ്യോമതാവളം ആക്രമിച്ചതിന് പിറകെ കുവൈത്ത് വ്യേമപാത താൽക്കാലികമായി അടച്ചു. രാജ്യത്തിന്റെ സുരക്ഷയും നിരവധി അയൽ രാജ്യങ്ങളിൽ വിമാനത്താവളങ്ങളും വ്യോമാതിർത്തിയും അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചതിനെയും തുടർന്നാണ് നടപടി. തിങ്കളാഴ്ച രാത്രി മുതൽ പ്രാബല്യത്തിൽ വന്ന ഇത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
ഖത്തറിലെ അൽ ഉദൈദിലെ അമേരിക്കൻ വ്യോമതാവളത്തിനു നേരെ ഇറാൻ വ്യോമാക്രമണം നടത്തിയതോടെ ഗൾഫ് രാഷ്ട്രങ്ങൾ കനത്ത ആശങ്കയിലാണ്. ഇറാൻ ആണവ നിലയങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയതോടെ ആണവവികിരണ ഭീതി മുന്നിൽ കണ്ട് നേരത്തെ ഇതിനെ പ്രതിരോധിക്കുന്നതിനായുള്ള നടപടികൾ കൈകൊണ്ടിരുന്നു. ഇതിനിടെയാണ് ഖത്തറിനെതിരെ ഇറാന്റെ ആക്രമണം. ഇതോടെ തിങ്കളാഴ്ച രാത്രി കുവൈത്തിൽ നിന്ന് കേരളത്തിലേക്കടക്കം പുറപ്പെട്ട വിമാനങ്ങൾ അടിയന്തിരമായി തിരിച്ചറക്കി. പല വിമാനങ്ങളും റദ്ദാക്കി.
ആണവവികിരണ ഭീതി വേണ്ടെന്നും കുവൈത്ത് ഉൾപ്പെടെയുള്ള ജിസി.സി രാജ്യങ്ങൾ ആണവ വികിരണ മുക്തമാണെന്നും ഗൾഫ് സഹകരണ കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. പരിസ്ഥിതി, വികിരണ സൂചകങ്ങൾ സുരക്ഷിതവും സാങ്കേതികമായി അനുവദനീയവുമായ നിലവാരത്തിലുമാണ്. മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ വഴി തുടർച്ചയായി സാഹചര്യങ്ങൾ വിലയിരുത്തുന്നുണ്ടെന്നും ജി.സി.സി ജനറൽ സെക്രട്ടേറിയറ്റ് അറിയിച്ചു. രാജ്യത്തിന്റെ വ്യോമാതിർത്തിയിലും ജലാശയങ്ങളിലും ആണവ വികിരണ ഭീഷണിയില്ലെന്ന് കുവൈത്ത് നാഷനൽ ഗാർഡും വ്യക്തമാക്കി. മൊത്തത്തിലുള്ള സ്ഥിതി സാധാരണമാണ്. ശൈഖ് സാലിം അൽ അലി അസ്സബാഹ് കെമിക്കൽ ഡിഫൻസ് ആൻഡ് റേഡിയേഷൻ മോണിറ്ററിങ് സെന്റർ തുടർച്ചയായ നിരീക്ഷണം നടത്തുന്നുണ്ട്. രാജ്യത്തുടനീളം വിന്യസിച്ചിരിക്കുന്ന സമഗ്രമായ നിരീക്ഷണ ശൃംഖലകൾ വഴി ആണവ വികിരണ അളവ് 24 മണിക്കൂറും ട്രാക്ക് ചെയ്യുന്നു.
തങ്ങളുടെ വ്യോമാതിർത്തിയിലും ജലാശയങ്ങളിലും ആണവ വികിരണ ഭീഷണിയില്ലെന്നും അളവ് സാധാരണ നിലയിലാണെന്നും ജി.സി.സി രാജ്യങ്ങളും വ്യക്തമാക്കി. ഇറാൻ ആണവ കേന്ദ്രങ്ങളിൽ യു.എസ് നടത്തിയ ബോംബാക്രമണങ്ങളുടെ പ്രത്യാഘാതം നിലവിൽ യു.എ.ഇയെ ബാധിക്കില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ (എഫ്.എ.എൻ.ആർ) വ്യക്തമാക്കി. രാജ്യത്ത് ആശങ്കാജനകമായ ആണവ വികിരണ അളവ് കണ്ടെത്തിയിട്ടില്ലെന്ന് സൗദി അറേബ്യ അറിയിച്ചു. റേഡിയേഷൻ അളവ് സാധാരണമാണെന്നും പരിസ്ഥിതി സുരക്ഷിതമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഒമാനും അന്തരീക്ഷം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അസാധാരണമായ റേഡിയേഷൻ അളവ് റിപ്പോർട്ട് ചെയ്തിട്ടില്ല. മുൻകൂർ മുന്നറിയിപ്പ് റേഡിയേഷൻ മോണിറ്ററിങ് സിസ്റ്റത്തിൽ നിന്നുള്ള ഡേറ്റയും പ്രാദേശിക, അന്തർദേശീയ നിരീക്ഷണ കേന്ദ്രങ്ങൾ നൽകിയ ഡേറ്റയും സൂക്ഷ്മമായി വിശകലനം ചെയ്യുന്നുണ്ട്.രാജ്യത്തെ റേഡിയേഷൻ അളവ് വിലയിരുത്തുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന വിപുലമായ ദേശീയ റേഡിയേഷൻ മോണിറ്ററിങ് ശൃംഖല ഖത്തർ ആരംഭിച്ചിട്ടുണ്ട്. വായുവിലും ജലാശയങ്ങളിലും റേഡിയേഷൻ അളവ് നിലവിൽ സാധാരണ പരിധിക്കുള്ളിലാണ്. ബഹ്റൈനും സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മോണിറ്ററിങ് സ്റ്റേഷനുകൾ ഫലങ്ങൾ നിരന്തരം അപ്ഡേറ്റ് ചെയ്യുന്നുണ്ട്.
യു.എസ് വ്യോമാക്രമണത്തെത്തുടർന്ന് രാജ്യത്ത് റേഡിയോ ആക്ടീവ് മലിനീകരണം കണ്ടെത്തിയിട്ടില്ലെന്ന് ഇറാഖിലെ നാഷനൽ ന്യൂക്ലിയർ, റേഡിയോളജിക്കൽ, കെമിക്കൽ, ബയോളജിക്കൽ റെഗുലേറ്ററി അതോറിറ്റിയും പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.