പാലം തുറക്കാന്‍ രണ്ടുവര്‍ഷം: ഗസാലി പാലം അടച്ചതോടെ  ശുവൈഖില്‍ വന്‍ ഗതാഗതക്കുരുക്ക് 

കുവൈത്ത് സിറ്റി: വികസന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഗസാലി പാലം അടച്ചിട്ടതോടെ ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി. തിങ്കളാഴ്ച രണ്ട് മണിക്കൂര്‍ വരെ ആളുകള്‍ ഗതാഗതക്കുരുക്കില്‍ പെട്ടതായി റിപ്പോര്‍ട്ടുണ്ട്. രാജ്യത്തെ ഗതാഗത സംവിധാനത്തെ തന്നെ മാറ്റിമറിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ജഹ്റ റോഡ് വികസന പദ്ധതിയുടെ ഭാഗമായി അറ്റുകുറ്റപ്പണിക്കായാണ് പാലം അടച്ചിട്ടത്.
 ജഹ്റ റോഡുമായും ജമാല്‍ അബ്ദുന്നാസര്‍ റോഡുമായും ബന്ധിപ്പിക്കുന്ന ഇന്‍റര്‍സെഷനാണ് അടച്ചിട്ടത്. ഗസാലി പാലത്തെ ശൈഖ് ജാബിര്‍ അല്‍ അഹ്മദ് പാലവുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തികളാണ് നടക്കുന്നത്. പാലം അടച്ചതോടെ അനുഭവപ്പെടുന്ന തിരക്ക് പലതരത്തിലും പ്രയാസങ്ങള്‍ സൃഷ്ടിച്ചു. അനുബന്ധ റോഡുകളിലെല്ലാം വാഹനങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടി. നിര്‍മാണപ്രവൃത്തിമൂലം ഗതാഗതം ബുദ്ധിമുട്ടേറിയതായി ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ആദില്‍ അല്‍ ഹഷാഷും സമ്മതിച്ചു. വെള്ളിയാഴ്ച മുതലാണ് ഗസാലി പാലം അടച്ചിട്ടത്. കണ്ടെയ്നര്‍ വാഹനങ്ങള്‍ക്ക് ഈ ഭാഗത്തേക്ക് പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകീട്ട് നാലുവരെ ട്രക്കുകള്‍ക്ക് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി. അതിനിടെ, ഇപ്പോള്‍ നടക്കുന്ന അറ്റകുറ്റപ്പണി പൂര്‍ത്തിയാവാന്‍ രണ്ടു വര്‍ഷമെങ്കിലും എടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്. എന്നാല്‍, മോട്ടോര്‍ വാഹനങ്ങള്‍ക്ക് മറ്റൊരു റോഡിലൂടെ സഞ്ചരിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തുന്നതിലൂടെ ഇപ്പോള്‍ അനുഭവപ്പെടുന്ന തിരക്ക് രണ്ട് ദിവസം കൊണ്ട് പരിഹരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരും ഗതാഗത നിയമം പാലിച്ചാല്‍ മാത്രമേ തിരക്ക് ഒഴിവാക്കാനുള്ള മന്ത്രാലയത്തിന്‍െറ ശ്രമം ഫലം കാണൂവെന്നും ആദില്‍ ഹഷാഷ് പറഞ്ഞു. തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഈ ഭാഗത്ത് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ശുവൈഖ് തുറമുഖ ഭാഗത്തേക്ക് പാലത്തിനടിയിലൂടെ പുതിയ ഗസാലി റോഡുമായി ബന്ധിപ്പിച്ച് മറ്റൊരു വഴിയുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. 
 

Tags:    
News Summary - Kuwait Bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.