കുവൈത്ത് സിറ്റി: രാജ്യത്ത് ക്രാറ്റോമിന്റെ ഉപഭോഗം, കള്ളക്കടത്ത്, വിൽപന എന്നിവയിലേർപ്പെട്ടാൽ കർശന നടപടിയുണ്ടാകും.
ഇക്കാര്യം ക്രിമിനൽവത്കരിക്കുന്നതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചതായി അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു. ക്രാറ്റോമിൽ കറുപ്പിന് സമാനമായ ഗുണങ്ങൾ അടങ്ങിയിരിക്കുന്നതിനാലാണ് നടപടി. ക്രാറ്റോം
ഉപയോഗിക്കുകയോ, കടത്തുകയോ, വിൽക്കുകയോ ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.
ശ്വസന പ്രശ്നങ്ങൾ, അപസ്മാരം, ഉയർന്ന രക്തസമ്മർദം, ഓക്കാനം, കരൾ വിഷബാധ, മാനസിക വിഭ്രാന്തി, പെട്ടെന്നുള്ള മരണം എന്നിവക്ക് ക്രാറ്റോമിന്റെ ഉപയോഗം വഴിവെക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കുട്ടികളെ ശ്രദ്ധാപൂർവം നിരീക്ഷിക്കാനും മയക്കുമരുന്ന് ഉപയോഗം, അവയുടെ അപകടങ്ങൾ എന്നിവയെക്കുറിച്ച് ബോധവത്കരിക്കാനും മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കുറിച്ച് അധികാരികളെ അറിയിക്കാനും രക്ഷിതാക്കളോട് നിയമവൃത്തങ്ങൾ അഭ്യർഥിച്ചു.
കാപ്പി ചെടികളുടെ കുടുംബത്തിൽപെടുന്ന ക്രാറ്റോം ലഹരി വസ്തുവായി ഉപയോഗിക്കുന്നത് അടുത്തിടെ കൂടിയിരുന്നു. പുറം രാജ്യങ്ങളിൽ നിന്ന് കുവൈത്തിൽ എത്തിച്ച ഇവ അടുത്തിടെ
വിമാനത്താവളത്തിൽ പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.