കല കുവൈത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കഥയും സാഹിത്യവും ചർച്ച ചെയ്തു കല കുവൈത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിന് സമാപനം. അബ്ബാസിയ ആസ്പയർ ഇന്ത്യൻ സ്കൂളിൽ രണ്ടു ദിവസങ്ങളിലായി നടന്ന ഫെസ്റ്റിവലിൽ സാഹിത്യപ്രേമികളുടെ വലിയ പങ്കാളിത്തമുണ്ടായി. എഴുത്തുകാരൻ അശോകൻ ചരുവിൽ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരായ ബെന്യാമിൻ, ഹരിത സാവിത്രി, പ്രിയ വിജയൻ ശിവദാസ്, മാധ്യമ പ്രവർത്തകൻ ശരത് ചന്ദ്രൻ എന്നിവർ വ്യത്യസ്ത സെഷനുകളിൽ സംസാരിച്ചു.
ഫെസ്റ്റിവലിന്റെ ഭാഗമായി ജി.സി.സിയിലെ എഴുത്തുകാർക്കായി ഏർപ്പെടുത്തിയ പ്രഥമ എം.ടി സാഹിത്യ പുരസ്കാരം ജോസഫ് അതിരുങ്കലിന് അശോകൻ ചരുവിൽ കൈമാറി. സാഹിത്യ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. ദേശാഭിമാനി ഓണാഘോഷ ഭാഗമായി നടത്തിയ ചിത്രരചനാ മത്സര വിജയി ജാൻവിക്കുള്ള ഉപഹാരവും കൈമാറി.
ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ കുവൈത്തിൽ നിന്നുള്ള എഴുത്തുകാരുടെ പുസ്തക പ്രദർശനം, ആർട്ട് ഗാലറി എന്നിവയും ഒരുക്കിയിരുന്നു. കുവൈത്തിലെ ഇരുപതോളം ചിത്രകാരന്മാർ ഒരുക്കിയ ലൈവ് പോർട്രൈറ്റ് ഡ്രോയിങ്ങും ശ്രദ്ധേയമായി. എഴുത്തച്ഛൻ മുതൽ മുരുകൻ കാട്ടാക്കട വരെയുള്ള കവികളുടെ 10 കവിതകൾ കോർത്തിണക്കിയ ‘കാവ്യവൈഖരി’ അവതരണവും മികവുപുലർത്തി.
മഞ്ജു മൈക്കിളിന്റെ മൗനങ്ങൾക്കുമപ്പുറം, റീയ ജാഫറിന്റെ 'ദി ഏജ് ഓഫ് വണ്ടേഴ്സ്', റീമ ജാഫറിന്റെ 'ബ്ലൂമിങ് ഓഫ് ലൈഫ്', ഒരുകൂട്ടം എഴുത്തുകാരുടെ മണലെഴുത്തുകൾ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും വേദിയിൽ നടന്നു. സമാപന സമ്മേളനം അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. കല കുവൈത്ത് പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷതവഹിച്ചു. ബെന്യാമിൻ, ഹരിത സാവിത്രി, പ്രിയ വിജയൻ ശിവദാസ്, ശരത് ചന്ദ്രൻ, ആർ.നാഗനാഥൻ എന്നിവർ ആസംസകളർപ്പിച്ചു. ജനറൽ സെക്രട്ടറി ടി.വി.ഹിക്മത് സ്വാഗതവും ഫെസ്റ്റിവൽ ജനറൽ കൺവീനർ മണികണ്ഠൻ വട്ടംകുളം നന്ദിയും പറഞ്ഞു. ലിറ്ററേച്ചർ ഫെസ്റ്റിവൽ ചെയർമാൻ പ്രേമൻ ഇല്ലത്ത്, ട്രഷറർ പി.ബി.സുരേഷ്, വൈസ് പ്രസിഡന്റ് പി.വി. പ്രവീൺ, ജോ.സെക്രട്ടറി പ്രസീദ് കരുണാകരൻ എന്നിവർ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.