കുവൈത്ത് സിറ്റി: രാജ്യത്തിന് ആവശ്യമുള്ള വിദേശികളെ മാത്രം അവശേഷിപ്പിക്കുന്ന തരത്തിൽ സ്വദേശിവത്കരണ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട പാർലമെൻറ് സമിതി മേധാവി ഖലീൽ അൽ സാലിഹ് പറഞ്ഞു. കഴിഞ്ഞദിവസം പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. 2023 ആകുന്നതോടെ പൊതുമേഖലയിൽ അവശേഷിക്കുന്ന വിദേശികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കാനാണ് പദ്ധതി. സ്വകാര്യമേഖലയിലെ കമ്പനികളിലും സ്ഥാപനങ്ങളിലും ഘട്ടങ്ങളായി ഇത് നടപ്പാക്കാനും തീരുമാനമുണ്ട്. സ്വകാര്യ മേഖലയിലെ അഡ്മിനിസ്ട്രേറ്റിവ് തസ്തികകൾ കുവൈത്തികൾക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള പദ്ധതി ഇതിനകം പ്രഖ്യാപിച്ചതാണ്. ഈ തസ്തികകളിൽ വീണ്ടും വിദേശികൾ നിയമിക്കപ്പെടുന്നത് അംഗീകരിക്കില്ലെന്ന് ഖലീൽ അൽസാലിഹ് വ്യക്തമാക്കി. സ്വദേശിവത്കരണം ത്വരിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിന് സമിതി യോഗം ഉടൻ ചേരും. സ്വദേശികൾക്കിടയിൽ കൂടിവരുന്ന തൊഴിലില്ലായ്മക്ക് പരിഹാരം കണ്ടെത്തുകയാണ് ഇപ്പോഴത്തെ വലിയ വെല്ലുവിളി. ഇക്കാര്യത്തിൽ വിവിധ ഡിപ്പാർട്ടുമെൻറുകൾ കൈക്കൊണ്ട നടപടികൾ വിലയിരുത്തുമെന്നും ഖലീൽ അൽ സാലിഹ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.