കുവൈത്ത് സിറ്റി: ‘ഫാഷിസത്തിനെതിരെ പെൺകൂട്ടായ്മ’ എന്ന പ്രമേയത്തിൽ ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ കുവൈത്ത്) വനിതാസമ്മേളനം നടത്തുന്നു. നവംബർ 24 വൈകീട്ട് 5.30ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കുന്ന പരിപാടിയിൽ എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ കേരളവർമകോളജ് പ്രഫസർ ദീപ നിഷാന്ത്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറാ അംഗം പി.വി. റഹ്മാബി, ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം സെക്രട്ടറി പി. റുക്സാന എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാഷ്ട്രീയമാഫിയക്കും ഭരണവൈകല്യങ്ങൾക്കും എതിരെ പ്രതികരിക്കുന്നവരെ നിശ്ശബ്ദരാക്കുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളതെന്നും ഭരണഘടന ഉറപ്പുനൽകിയ മൗലികാവകാശങ്ങളെ തടഞ്ഞ് രാജ്യത്തെ കാവിപുതപ്പിക്കാൻ ശ്രമിക്കുന്നതിനെതിരായ പ്രതിരോധം എന്ന നിലയിലാണ് ഇസ്ലാമിക് വിമൻസ് അസോസിയേഷൻ വനിതാസമ്മേളനം സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഇതോടനുബന്ധിച്ച് ‘ഫാഷിസത്തിനെതിരെ സർഗപ്രതിരോധം’ എന്ന പ്രമേയത്തിൽ കുട്ടികൾ സംഗീതശിൽപം അവതരിപ്പിക്കും. സാമൂഹിക, സാംസ്കാരികപ്രവർത്തകരും പങ്കെടുക്കുന്ന പരിപാടിയിലേക്ക് കുവൈത്തിലെ എല്ലാ വനിതാസംഘടനപ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്. കുവൈത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. പുരുഷന്മാർക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 97361345 , 66997848 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. പ്രസിഡൻറ് മെഹബൂബ അനീസ്, ജനറൽ സെക്രട്ടറി നജ്മ ശരീഫ്, ട്രഷറർ നിഷ അഷറഫ്, പ്രോഗ്രാം കൺവീനർ റംല അബ്ദുറഹ്മാൻ, മീഡിയ കൺവീനർ സജ്ന സുബൈർ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.