കുവൈത്ത് പ്രതിനിധി യൂസഫ് അൽ തുനൈബ് ഒ.ഐ.സി
യോഗത്തിൽ
കുവൈത്ത് സിറ്റി: സോമാലിയയുടെ പരമാധികാരത്തിനും സ്ഥിരതക്കും സുരക്ഷക്കും കുവൈത്ത് പൂർണ പിന്തുണ അറിയിച്ചു. സഹ അറബ് രാജ്യത്തിന്റെ ഭൂമി ഏകീകൃതവും അവിഭക്തവുമായിരിക്കണമെന്നും സൂചിപ്പിച്ചു.
ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ (ഒ.ഐ.സി) യോഗത്തിൽ സംസാരിച്ച ജിദ്ദയിലെ കുവൈത്ത് കോൺസൽ ജനറലും ഒ.ഐ.സി സ്ഥിരം പ്രതിനിധിയുമായ യൂസഫ് അൽ തുനൈബാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘സൊമാലിലാൻഡ്’ എന്ന് വിളിക്കപ്പെടുന്ന പ്രദേശത്തെ അംഗീകരിച്ചുകൊണ്ട് സോമാലിയയിലെ ഭൂമി വിഭജിക്കാനുള്ള ഇസ്രായേൽ ശ്രമങ്ങളെ അദ്ദേഹം അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി. സൊമാലിലാൻഡ് എന്ന് വിളിക്കപ്പെടുന്നതിനെ ഇസ്രായേൽ അംഗീകരിക്കുന്നതിനെ കുവൈത്ത് ശക്തമായി നിരസിച്ചതായി അദ്ദേഹം ആവർത്തിച്ചു. ഏകപക്ഷീയവും നിയമവിരുദ്ധവുമായ ഇസ്രായേൽ നടപടിയെ അപലപിച്ചു. വടക്കുപടിഞ്ഞാറൻ മേഖല സോമാലിയയുടെ അവിഭാജ്യഘടകമാണ്. എല്ലാ നിയമവിരുദ്ധ ശ്രമങ്ങൾക്കും എതിരെ അത് അങ്ങനെതന്നെ തുടരുമെന്നും അൽ തുനൈബ് ഊന്നിപ്പറഞ്ഞു.
ഈ സുപ്രധാന വിഷയം ചർച്ച ചെയ്യുന്നതിനായി പ്രത്യേക യോഗം സംഘടിപ്പിച്ചതിന് ഒ.ഐ.സിയെ പ്രശംസിച്ച യൂസഫ് അൽ തുനൈബ് അംഗരാജ്യങ്ങളെ സംരക്ഷിക്കുന്നത് പ്രധാനമാണെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.