കുവൈത്ത് സിറ്റി: ആറുമാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തുകഴിഞ്ഞാൽ ഇഖാമ അസാധുവാകുന്ന നിയമം സ്വകാര്യ തൊഴിൽമേഖലക്കു കൂടി ബാധകമാക്കിയതായി റിപ്പോർട്ട്. മേയ് ഒന്നിനുശേഷം കുവൈത്തിൽനിന്ന് പുറത്തു പോയ ആർട്ടിക്കിൾ 18 വിസയിലുള്ളവർക്ക് നിബന്ധന ബാധകമാകുമെന്ന് 'അൽ ഖബസ്' പത്രം റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ റെസിഡൻസി നിയമപ്രകാരം വിദേശികൾക്ക് രാജ്യത്തിനു പുറത്ത് തുടർച്ചയായി താമസിക്കാവുന്ന പരമാവധി കാലയളവ് ആറുമാസമാണ്. എന്നാൽ കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ പ്രവാസികളുടെ മടക്കയാത്ര മുടങ്ങിയ പശ്ചാത്തലത്തിൽ പ്രത്യേക മന്ത്രിസഭ തീരുമാനത്തിലൂടെ ഈ നിയമം മരവിപ്പിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ നിയമം പുനഃസ്ഥാപിച്ചെങ്കിലും ഗാർഹിക ജോലിക്കാർക്ക് മാത്രമാണ് ബാധകമാക്കിയത്. ഇപ്പോൾ സ്വകാര്യ തൊഴിൽമേഖലയിലെ 18ാം നമ്പർ ഇഖാമക്കാർക്കും ഇത് ബാധകമാക്കി എന്നാണ് അൽ ഖബസ് റിപ്പോർട്ട് ചെയ്യുന്നത്.
ആറുമാസത്തിലേറെ കുവൈത്തിലില്ലാത്ത, ആർട്ടിക്കിൾ പതിനെട്ട് ഇഖാമയുള്ള വിദേശികൾ നവംബർ ഒന്നിനു മുമ്പ് തിരിച്ചെത്തണം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആശ്രിത വിസക്കാർക്കും സ്വന്തം സ്പോൺസർഷിപ്പിലുള്ളവർക്കും ആറുമാസം നിബന്ധന ബാധകമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ ലഭ്യമായിട്ടില്ല. ആറുമാസത്തിൽ കൂടുതൽ കുവൈത്തിനു പുറത്തുകഴിഞ്ഞാൽ താമസാനുമതി അസാധുവാകുന്ന നിയമം ഗാർഹിക മേഖലക്ക് മാത്രം ബാധകമാണെന്നും വിസ കാറ്റഗറികളിലുള്ളവർക്ക് കോവിഡ് കാലത്ത് അനുവദിച്ച പ്രത്യേക ഇളവ് ഇപ്പോഴും തുടരുന്നതായി നേരേത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.