കുവൈത്ത് ആസ്ഥാനമായ ഇന്റർനാഷനൽ ഇസ്ലാമിക് ചാരിറ്റി ഓർഗനൈസേഷൻ യമനിൽ സ്ഥാപിച്ച സ്കൂൾ
കുവൈത്ത് സിറ്റി: കുവൈത്ത് ആസ്ഥാനമായ ഇന്റർനാഷനൽ ഇസ്ലാമിക് ചാരിറ്റി ഓർഗനൈസേഷൻ യമനിൽ നിർമിച്ച സ്കൂൾ ഉദ്ഘാടനം ചെയ്തു. യമനിലെ തായിസ് ഗവർണറേറ്റിലാണ് ‘അൽ മആരിഫ’ സ്കൂൾ തുറന്നത്.
1016 വിദ്യാർഥികൾക്ക് പഠിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ആഭ്യന്തര സംഘർഷവും ദാരിദ്ര്യവും കാരണം ദുരിതം അനുഭവിക്കുന്ന വിദൂര പ്രദേശങ്ങളിലെ കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് കുവൈത്തി ജീവകാരുണ്യ സംഘടന പദ്ധതി തയാറാക്കിയത്.
സ്മാർട്ട് ക്ലാസ് മുറികളും അത്യാധുനിക ലാബുകളും ഉൾപ്പെടെ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. യമനിലെ രിസാലാതി ഫൗണ്ടേഷനാണ് നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. കുവൈത്ത് സർക്കാറിന്റെയും സന്നദ്ധ സംഘടനകളുടെയും നിർലോഭമായ പിന്തുണക്കും സഹായത്തിനും യമനിലെ തായിസ് ഗവർണറേറ്റ് അധികൃതർ നന്ദി അറിയിച്ചു. തുടർന്നും സാധ്യമായ സഹായങ്ങൾ നൽകുമെന്ന് ഇന്റർനാഷനൽ ഇസ്ലാമിക് ചാരിറ്റി ഓർഗനൈസേഷൻ അധികൃതർ വാഗ്ദാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.