പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം

അടിസ്ഥാന സൗകര്യങ്ങളും ലോജിസ്റ്റിക്സും മെച്ചപ്പെടുത്തും

കുവൈത്ത് സിറ്റി: രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങളും ലോജിസ്റ്റിക്സും മെച്ചപ്പെടുത്തുന്നതിനും തന്ത്രപ്രധാനമായ വെയർഹൗസുകൾ സ്ഥാപിക്കുന്നതിനും നടപടി. ഇതിന് അനുയോജ്യമായ ഭൂമി ലഭ്യമാക്കുന്നത് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. പ്രവർത്തന സന്നദ്ധതയുടെ തോത് ഉയർത്തുന്നതിനും ഇൻവെന്ററി മാനേജ്‌മെന്റിന്റെ കാര്യക്ഷമത വികസിപ്പിക്കുന്നതിനുമായി ഭൂമി രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിന് ധനകാര്യ മന്ത്രാലയത്തിലെ സ്റ്റേറ്റ് പ്രോപ്പർട്ടി വകുപ്പുമായി ഏകോപിപ്പിക്കാൻ പ്രധാനമന്ത്രി കുവൈത്ത് വെയർഹൗസിംഗ് കമ്പനിയിലെ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. സപ്ലൈസ് കൈകാര്യം ചെയ്യുന്നതിൽ രാജ്യത്തിന്റെ കഴിവുകൾ ശക്തിപ്പെടുത്തുക, സംഭരണ ​​കാര്യക്ഷമത മെച്ചപ്പെടുത്തുക, എല്ലാ സുപ്രധാന മേഖലകളുടെയും ഭാവി ആവശ്യങ്ങൾ നിറവേറ്റുക എന്നിവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

യോഗത്തിൽ പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മഷാൻ, മുനിസിപ്പൽ കാര്യ സഹമന്ത്രി അബ്ദുല്ലത്തീഫ് അൽ മെഷാരി, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രി ഡോ. സബീഹ് അൽ-മുഖൈസീം, സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രി അബ്ദുൽ അസീസ് അൽ മർസൂഖ്, കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റി (കെ.ഡി.ഐ.പി.എ) ഡയറക്ടർ ജനറൽ ശൈഖ് ഡോ. മിശ്അൽ ജാബിർ അൽ അഹ്മദ് അസ്സബാഹ്, പ്രധാനമന്ത്രിയുടെ ദിവാൻ ആക്ടിംഗ് ചീഫ് ശൈഖ് ഖാലിദ് മുഹമ്മദ് അൽ ഖാലിദ് അസ്സബാഹ്, കുവൈത്ത് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ഡെപ്യൂട്ടി ചെയർമാൻ ശൈഖ് സൗദ് സാലിം അബ്ദുൽ അസീസ് അസ്സബാഹ്, കുവൈത്ത് വെയർഹൗസിംഗ് കമ്പനി ബോർഡ് ചെയർമാൻ ഹസീം അൽ എസ്സ എന്നിവർ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.