കുവൈത്ത് സിറ്റി: ഇന്ത്യൻ വീട്ടുവേലക്കാരികളുടെ റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട പ്രശ്നം ഏതാനും ദിവസത്തിനുള്ളിൽ പരിഹരിക്കപ്പെടുമെന്ന് മുൻ പാർലമെൻറ് അംഗം കാമിൽ അൽ അവദി പറഞ്ഞു. അൽദുർറ റിക്രൂട്ടിങ് കമ്പനിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രിഹാബിൽ ഡോ. മുഹമ്മദ് അൽ ഹർറാസിെൻറ ദീവാനിയയിൽ നടന്ന ചർച്ചയോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
ഇന്ത്യയിൽനിന്ന് വേലക്കാരികളെ എത്തിക്കുന്നതിന് 950 ദീനാർ ഈടാക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. ഇത് 500 ദീനാറായി കുറക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇന്ത്യയിൽനിന്ന് വേലക്കാരികളുടെ ആദ്യ സംഘത്തെ എത്തിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നിരക്ക് കൂടിയതിനാൽ അത് വഴിമുട്ടുകയായിരുന്നു. തുടർന്നാണ് ശ്രീലങ്കയിൽനിന്ന് എത്തിക്കാൻ കമ്പനി ശ്രമം നടത്തിയത്. 970 ദീനാർ ഇതിന് നൽകേണ്ടിവരുമെന്ന കമ്പനി പ്രസ്താവന വീണ്ടും വിവാദമായി.
സ്വദേശികൾക്ക് അധികഭാരം മാത്രം ഉണ്ടാക്കുന്ന അൽദുർറ കമ്പനിയുടെ ലൈസൻസ് മരവിപ്പിക്കണമെന്ന് സഫാ അൽ ഹാഷിം എം.പി ആവശ്യപ്പെട്ടത് ഇതിനിടെയാണ്. 800 ദീനാർ ചെലവിൽ ഫിലിപ്പീൻ വേലക്കാരികളെ എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. നേരത്തേ 1400- 1500 ദീനാറായിരുന്നു ഫിലിപ്പീൻ വേലക്കാരികൾക്ക് നിശ്ചയിച്ചിരുന്ന റിക്രൂട്ട്മെൻറ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.