കുവൈത്ത് സിറ്റി: കുവൈത്തില്‍ റമദാൻ മാസത്തിൽ പള്ളികളിൽ ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കുന്നതിന് ഇസ്ലാമിക കാര്യ മന്ത്രാലയം പുതിയ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു. മതാചാരങ്ങൾ ചിട്ടയോടെയും സുരക്ഷിതമായും നടക്കുകയും പള്ളികളുടെ പവിത്രത നിലനിർത്തുകയും ചെയ്യുന്നതിനാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. പള്ളികളുടെ കോമ്പൗണ്ടിൽ ഇഫ്താർ ടെന്റുകൾ സ്ഥാപിക്കുന്നത് കർശനമായി നിരോധിച്ചു. പള്ളി മുറ്റങ്ങളിൽ മാത്രമേ ഇഫ്താർ മേശകൾ അനുവദിക്കൂ.
മഗ്രിബ് നമസ്കാരത്തിന് തൊട്ടുമുമ്പ് മേശകൾ സ്ഥാപിച്ച് ഇഫ്താറിന് പിന്നാലെ നീക്കണമെന്നും നിർദേശമുണ്ട്. ഇഫ്താർ നടത്താൻ ആഗ്രഹിക്കുന്നവർ പള്ളി ഇമാമുമായി ഏകോപിപ്പിച്ച് മുൻകൂട്ടി ഔദ്യോഗിക അനുമതി നേടുകയും വേണം. ഭക്ഷണം, മാലിന്യ സഞ്ചികൾ, ശുചീകരണം എന്നിവയുടെ മുഴുവൻ ഉത്തരവാദിത്തവും സംഘാടകർക്കാണെന്നും മാലിന്യം പള്ളിക്ക് പുറത്തുള്ള നിയുക്ത ബിന്നുകളിൽ നിക്ഷേപിക്കണമെന്നും നിർദേശിച്ചു.
വിശ്വാസികൾക്ക് ഭക്ഷണം പൂർത്തിയാക്കാൻ സമയം ലഭിക്കുന്നതിന് നോമ്പുതുറ കഴിഞ്ഞ് 15 മിനിറ്റിനുശേഷം മഗ്രിബ് നമസ്കാരം നടത്തണമെന്നും നിർദേശിച്ചു. പള്ളികളിൽനിന്ന് സമീപത്തുള്ള റമദാൻ ടെന്റുകളിലേക്ക് വൈദ്യുതി കണക്ഷൻ അനുവദിക്കില്ല. സുരക്ഷ അപകടസാധ്യത കണക്കിലെടുത്താണിതെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.