കു​വൈ​ത്തി​ലാ​കെ 6,69,000  ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ൾ

കുവൈത്ത് സിറ്റി: കുവൈത്തിലാകെ 6,69,000 ഗാർഹികത്തൊഴിലാളികൾ ജോലി ചെയ്യുന്നതായി ആഭ്യന്തര മന്ത്രാലയത്തിലെ ഗാർഹികത്തൊഴിലാളി വകുപ്പ് ഡയറക്ടർ മുഹമ്മദ് അൽ അജ്മി വ്യക്തമാക്കി. 2016 ജൂലൈയിൽ പുതിയ ഗാർഹികത്തൊഴിലാളി നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം ഗാർഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട് 1,800 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 

148 കേസുകളാണ് കോടതിയിലെത്തിയത്. ഇവയിൽ ഭൂരിഭാഗത്തിലും തൊഴിലാളികൾക്ക് അനുകൂലമായ വിധിയാണ് ഉണ്ടായത്. പുതിയ ഗാർഹികത്തൊഴിലാളി നിയമത്തിൽ തൊഴിലാളികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി വകുപ്പുകൾ ഉൾപ്പെടുത്തിയതാണ് ഇതിന് കാരണം. 
സ്പോൺസർമാരുടെ ചൂഷണത്തിൽനിന്ന് തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നതാണ് നിലവിൽ രാജ്യത്തെ ഗാർഹികത്തൊഴിലാളി നിയമം. വിശ്രമം അനുവദിക്കാതെ പ്രതിദിനം 12 മണിക്കൂറിലധികം ജോലി ചെയ്യിപ്പിക്കാൻ പുതിയ നിയമം അനുവദിക്കുന്നില്ല. കരാർ പ്രകാരമുള്ള ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തിയാൽ തൊഴിലുടമ വൈകിയ ഓരോ മാസത്തിനും പത്ത് ദീനാർ വീതം അധികം നൽകണം. ചുരുങ്ങിയ വേതനം 60 ദീനാറായി നിശ്ചയിച്ചിട്ടുണ്ട്.

പ്രായപരിധി 21 വയസ്സിനും 60നും മധ്യേ. തൊഴിലാളിയെ ഭീഷണിപ്പെടുത്തിയോ നിർബന്ധിച്ചോ കുവൈത്തിന് പുറത്ത് ജോലി ചെയ്യിപ്പിക്കാൻ പാടില്ല. തൊഴിലുടമയല്ലാതെ മറ്റാരുടെയെങ്കിലും ജോലിയും നിർബന്ധിച്ച് ഏൽപിക്കാൻ പാടില്ലെന്ന് നിയമത്തിൽ പറയുന്നു. 
കരാർ ലംഘനമുണ്ടായാൽ തൊഴിലാളിയെ തൊഴിലുടമ അവരുടെ ചെലവിൽ നാട്ടിലയക്കണം. എന്നാൽ, കുടിശ്ശികയിൽനിന്ന് കുറവുചെയ്യാൻ പാടില്ല. 
നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം 28,000 ദീനാറാണ് ഇതുവരെ തൊഴിലാളികൾക്ക് നഷ്ടപരിഹാരമായി ലഭിച്ചത്. 2014ൽ സ്ഥാപിച്ച ഗാർഹികത്തൊഴിലാളികൾക്കുള്ള താമസ കേന്ദ്രത്തിൽ 7,500 പേർക്ക് അഭയം നൽകി. തൊഴിലുടമയിൽനിന്ന് പ്രയാസങ്ങൾ അനുഭവിച്ചവരാണ് താമസകേന്ദ്രത്തിൽ അഭയം തേടിയതെന്ന് അദ്ദേഹം  വ്യക്തമാക്കി.

News Summary - home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.