കുവൈത്ത് സിറ്റി: ചരിത്ര പ്രസിദ്ധമായ മുബാറക്കിയ ഓൾഡ് മാർക്കറ്റിന് സമാനമായി ജഹ്റ, അഹമ്മദി എന്നിവിടങ്ങളിൽ പൈതൃക വിപണികൾ സ്ഥാപിക്കാൻ ഒരുങ്ങി സർക്കാർ. രാജ്യത്തിന്റെ സാംസ്കാരിക സ്വത്വം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി.
ജഹ്റയിലെ ചരിത്ര സ്ഥലമായ റെഡ് പാലസ് സന്ദർശനത്തിനിടെ ജഹ്റയിലും അഹമ്മദിയിലും മുബാറക്കിയക്ക് സമാനമായ പൈതൃക വിപണികൾ സൃഷ്ടിക്കാനുള്ള സർക്കാറിന്റെ ഉദ്ദേശ്യം ഒന്നാം ഉപ പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ് വ്യക്തമാക്കി. മുബാറക്കിയയുടെ സാംസ്കാരികവും സാമ്പത്തികവുമായ പ്രാധാന്യം തിരിച്ചറിഞ്ഞ് അമീർ ഈ സംരംഭത്തെ പ്രോത്സാഹിപ്പിച്ചതായും അദ്ദേഹം എടുത്തുപറഞ്ഞു. കുവൈത്തിൽ എത്തുന്ന മിക്കവരും മുബാറക്കിയ മാർക്കറ്റ് സന്ദർശിക്കുന്നതിനാണ് മുൻഗണന നൽകുന്നത്.
പുതിയ പ്രദേശങ്ങളിൽ ഇത്തരം പൈതൃക വിപണികൾ ഒരുക്കുന്നതിന് ഇത് കാരണമാണെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിന്റെ ഏറ്റവും പൗരാണികമായ മാര്‍ക്കറ്റുകളില്‍ ഒന്നാണ് സൂഖ് മുബാറക്കിയ. കുറഞ്ഞത് 200 വർഷമെങ്കിലും ഈ അങ്ങാടിക്ക് പഴക്കമുണ്ട്.
പഴയമയും പാരമ്പര്യവും ഇഴചേരുന്ന ഇവിടം നിരവധി മാര്‍ക്കറ്റുകളുടെ സമുച്ചയമാണ്. 21,000 ത്തോളം വ്യാപാര സ്ഥാപനങ്ങൾ ഇവിടെയുണ്ട്. കുവൈത്ത് സിറ്റിയിൽ അബ്ദുല്ല അൽ മുബാറക്, അബ്ദുല്ല അൽ സലേം, ഫലസ്തീൻ സ്ട്രീറ്റുകൾ എന്നിവക്കിടയിലാണ് 1,31,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മുബാറകിയ സ്ഥിതി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.