കുവൈത്ത് സിറ്റി: കുവൈത്ത് നിവാസികൾക്ക് അന്താരാഷ്ട്ര ടൂറിസം സീസണിന്റെ കാലമാണ് ചൂടുകാലം. രാജ്യത്ത് താപനില വർധിച്ചുവരുന്നതോടെ ചൂടിൽനിന്ന് രക്ഷപ്പെടാൻ ഭൂരിപക്ഷവും വേനൽക്കാലത്ത് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നു. ‘തണുപ്പൻ’ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കായി കുവൈത്തികൾ ടിക്കറ്റ് ബുക്ക് ചെയ്തു തുടങ്ങി. പച്ചപ്പ് നിറഞ്ഞ പ്രകൃതിയും കുറഞ്ഞ ചെലവുമുള്ള സ്ഥലങ്ങളാണ് ഭൂരിപക്ഷവും തെരഞ്ഞെടുക്കുന്നതെന്ന് ടൂറിസം രംഗത്തുള്ളവർ സൂചിപ്പിച്ചു.
ഇംഗ്ലണ്ട്, ജർമനി മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുന്നവരുമുണ്ട്. സമ്പന്ന വിഭാഗത്തിൽനിന്നുള്ളവരാണ് ഇവ തെരഞ്ഞെടുക്കുന്നത്. ഈ രാജ്യങ്ങളിൽ പല കുവൈത്തികൾക്കും സ്വത്തുവകകളുമുണ്ട്. മധ്യവർഗം കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ, തുർക്കിയ, അറബ് രാജ്യങ്ങൾ എന്നിവ ഇഷ്ടപ്പെടുന്നു.
കുവൈത്തികളിൽ 85 ശതമാനവും കുടുംബത്തിനൊപ്പം യാത്ര ചെയ്യുന്നവരാണ്. 15 ശതമാനം മാത്രമാണ് കുടുംബങ്ങളില്ലാതെ യാത്ര ചെയ്യുന്നവർ. ഇസ്തംബുൾ, ബാക്കു, അസർബൈജാൻ, ജോർജിയ, ബോസ്നിയ, ഹെർസഗോവിന, ലണ്ടൻ, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നരാണ് ഭൂരിപക്ഷവും. മോസ്കോ, അബുദബി, റിയാദ്, പോളണ്ട്, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിലേക്കും സജീവമാണ്.
ലബനാനിലെ സംഘർഷങ്ങളിലെ അയവ് ബൈറൂത്തിലേക്കുള്ള കുവൈത്തികളുടെ എണ്ണത്തിൽ വർധനക്ക് കാരണമാകുമെന്നും പ്രതീക്ഷിക്കുന്നു. ഒാരോ രാജ്യവും തിരഞ്ഞെടുക്കുന്നതിൽ എയർലൈൻ ഓഫറുകളും പ്രധാന പങ്ക് വഹിക്കുന്നു.
മഴകണ്ട് മലയാളികൾ
സ്കൂൾ വെക്കേഷനും പെരുന്നാൾ അവധിയും കണക്കിലെടുത്ത് മലയാളി കുടുംബങ്ങളിൽ ഭൂരിപക്ഷവും നാട്ടിൽ പോകാനുള്ള ഒരുക്കത്തിലാണ്. നിരവധി പേർ കഴിഞ്ഞ ദിവസങ്ങളിലായി നാട്ടിലെ ത്തി. കുവൈത്തിലെ കനത്ത ചൂടിൽനിന്ന് നാട്ടിലെ മഴക്കാലത്തിലെത്തിയ ആശ്വാസത്തിലാണ് പലരും. പ്രവാസികൾക്ക് നാടിന്റെ മഴയും കുളിരും അനുഭവിക്കാനും ആസ്വദിക്കാനുമുള്ള അവസരം കൂടിയാണ് കുവൈത്തിലെ സ്കൂൾ വെക്കേഷൻ കാലം.
അടുത്ത ആഴ്ച പെരുന്നാൾ അവധി ആരംഭിക്കുന്നതിനാൽ ചുരുങ്ങിയ ദിവസങ്ങൾക്കായി നാട്ടിൽ പോയിവരാൻ തയാറെടുക്കുന്നവരുമുണ്ട്. കുടുംബത്തിനൊപ്പം പെരുന്നാൾ ആഘോഷിച്ച് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.