കുവൈത്ത് സിറ്റി: രാജ്യത്ത് കനത്ത ചൂട് രണ്ടാഴ്ച കൂടി തുടരും. ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ സ്വാധീനം രാജ്യത്ത് അനുഭവപ്പെടുന്നുണ്ട്. ഇതിന്റെ ഫലമായി വടക്കുപടിഞ്ഞാറൻ കാറ്റും അതികഠിനമായ ചൂടുള്ളതും വരണ്ടതുമായ വായുപ്രവാഹവും ഉണ്ടാകുമെന്നും കാലാവസ്ഥാ ഭൂപടങ്ങളും സംഖ്യാധിഷ്ഠിത മാതൃകകളും സൂചിപ്പിക്കുന്നതായി കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രാജ്യത്ത് അതികഠിനമായ ചൂടും വടക്കുപടിഞ്ഞാറൻ കാറ്റും അനുഭവപ്പെട്ടു. പലയിടങ്ങളിലും മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയിൽ വീശി. കാറ്റ് പൊടിപടലങ്ങൾ ഉയർത്തുന്നതിനും ഇടയാക്കി. ഏതാനും ദിവസങ്ങൾ കനത്ത ചൂടും പൊടിയുമുള്ള കാലാവസഥയും തുടരും.
ഈ മാസം അവസാനത്തോടെ കനത്ത ചൂടിന് കുറവുണ്ടാകും. കനത്തചൂട് കണക്കിലെടുത്ത് രാജ്യത്ത് നടപ്പാക്കിയ പകൽ സമയത്തെ തൊഴിൽ നിയന്ത്രണം ഈ മാസം 31ന് അവസാനിക്കും. ചൂടേറിയ ദിവസങ്ങളായ ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31വരെ രാവിലെ 11 നും നാലിനും ഇടയിലാണ് പുറം തൊഴിലുകൾക്ക് നിയന്ത്രണം. സെപ്റ്റംബർ പകുതിയോടെ രാജ്യത്ത് താപനില ക്രമേണ കുറഞ്ഞു തുടങ്ങും. ഒക്ടോബറിലും നവംബർ പകുതി വരെയും രാജ്യത്ത് മിത ശീതോഷ്ണ കാലാവസ്ഥയായിരിക്കും. നവംബറോടെ തണുപ്പ് കാലം ആരംഭിക്കും. ഡിസംബറിൽ കടുത്ത തണുപ്പിലേക്ക് പ്രവേശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.